'ഹിന്ദി പഠിക്കാൻ അത്ര എളുപ്പമല്ല കേട്ടോ'; വിഡിയോ പങ്കുവെച്ച് അമേരിക്കൻ വനിത
text_fieldsന്യൂഡൽഹി: നാലുവർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ വനിതയുടെ ഒഴുക്കുള്ള ഹിന്ദി സംസാരം കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്. ഭാഷകൾ പഠിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും ക്രിസ്റ്റീൻ ഫിഷർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ക്രിസ്റ്റീൻ.
വിഡിയോയിൽ ഒഴുക്കോടെ ഹിന്ദി സംസാരിക്കുക മാത്രമല്ല, തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗ നിർദേശങ്ങളും നൽകുന്നുണ്ട്. ഇൻസ്റ്റയിൽ പങ്കുവെച്ച വിഡിയോയുടെ കാപ്ഷൻ ഇങ്ങനെയാണ്:
''ഹിന്ദി പഠിക്കാൻ എളുപ്പമുള്ള ഒരു ഭാഷയല്ല എന്ന് ഞാൻ നിങ്ങളോട് പറയട്ടെ. അതിന് സമയവും പരിശ്രമവും ആവശ്യമാണ്. വർഷങ്ങൾ കൊണ്ടാണ് ഞാൻ ഹിന്ദി പഠിച്ചത്. ആ വഴികളും നിങ്ങൾക്കും അത് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചുള്ള എന്റെ ചില നുറുങ്ങുകളും ഇതാ...''.
വ്യാകരണം ആണ് അതിന് ഏറ്റവും പ്രധാനമെന്നും അവർ പറയുന്നു. ഹിന്ദി പഠിക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതിന്റെ വ്യാകരണം മനസിലാക്കുക എന്നതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വ്യാകരണം പഠിക്കാൻ നല്ലൊരു അധ്യാപകനെയോ പുസ്തകമോ മറ്റ് സാധനങ്ങളോ കിട്ടിയാൽ ഭാഗ്യമായി. അത് നല്ല മാറ്റം വരുത്തും''.
ഓൺലൈൻ ക്ലാസുകളും മറ്റുള്ളവരോട് ഹിന്ദി സംസാരിച്ച് ശീലിച്ചതുമാണ് തന്റെ വിജയത്തിന് പിന്നിലെ ക്രെഡിറ്റെന്നും അവർ തുറന്നുപറയുന്നുണ്ട്. ഭാഷ പെട്ടെന്ന് പഠിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗവും ഇതാണ്. ഹിന്ദി സംസാരിക്കുന്ന ആളെ കണ്ടെത്തി അവരുമായി കൂടുതൽ സമയം ചെലവഴിക്കുന്നതും ഗുണംചെയ്യും. ആ വ്യക്തി ഇംഗ്ലീഷ് സംസാരിക്കാൻ താൽപര്യമില്ലാത്തയാളാണെങ്കിൽ കൂടുതൽ നല്ലത്. അങ്ങനെയാണെങ്കിൽ ഹിന്ദി സംസാരിക്കാൻ നാം നിർബന്ധിതരാകും. ഉത്സാഹത്തോടെ പഠിക്കേണ്ട ആവശ്യത്തെ കുറിച്ചും അവർ അടിവരയിടുന്നുണ്ട്. ഹിന്ദി വഴങ്ങാൻ ചുരുങ്ങിയത് രണ്ടോ മൂന്നോ വർഷം തന്നെ എടുത്തേക്കാം. അഞ്ചുവർഷം കൊണ്ടാണ് ഞാനത് പഠിച്ചെടുത്തത്. പിന്നീട് സംസാരിക്കാൻ വലിയ ആത്മവിശ്വാസം തോന്നി. പഠനം ആരും പാതി വഴിയിൽ ഉപേക്ഷിക്കരുത്. ധൈര്യമായി മുന്നോട്ട് പോകൂ.-ക്രിസ്റ്റീൻ പറഞ്ഞു.
ക്രിസ്റ്റീന്റെ വാക്കുകളെ കരഘോഷത്തോടെയാണ് നെറ്റിസൺസ് വരവേറ്റത്. താങ്കളുടെ ഹിന്ദി വളരെ നല്ലതാണ് എന്നായിരുന്നു പലരുടെയും അഭിപ്രായം. നന്നായി മനസിലാക്കാൻ സാധിക്കും. കേൾക്കുമ്പോൾ വിദേശീയർ ഹിന്ദി സംസാരിക്കുന്ന പോലെ തോന്നുന്നേയില്ല എന്നും അഭിനന്ദനമുണ്ട്. ക്രിസ്റ്റീന്റെ സമർപ്പണത്തെയും പലരും എടുത്തു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.