എന്തുകൊണ്ട് ബസിൽ യാത്ര ചെയ്തുകൂടാ? വിലമതിക്കാനാകാത്ത ഓർമകൾ പങ്കുവെച്ച് ബംഗളൂരു യുവാവ്
text_fieldsപ്രതീജ് ബസ്യാത്രയിൽ
ബംഗളൂരു: ‘ചിലപ്പോൾ ലളിതമായ കാര്യങ്ങളിലാണ് ഏറ്റവും മികച്ച ഓർമകൾ ഒളിഞ്ഞിരിക്കുന്നത്. ഒരു ബസ് യാത്ര, കുറച്ചു സുഹൃത്തുക്കൾ, ചെറിയ നടപ്പ്, കുറച്ചു ചിരികൾ... പണം കൊണ്ട് സൗകര്യം വാങ്ങാം, പക്ഷേ ഗൃഹാതുരത്വം വാങ്ങാനാവില്ല.’ -ഇങ്ങനെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബംഗളൂരുവിലെ യാത്രാബുദ്ധിമുട്ടുകൾക്കിടയിൽ കാബ് യാത്ര ഒഴിവാക്കി ബസിൽ യാത്ര ചെയ്ത അനുഭവമാണ് പ്രതീജ് എന്ന യുവാവ് പങ്കുവെക്കുന്നത്.
150 രൂപയുടെ കാബ് യാത്രക്ക് പകരം 12 രൂപയുടെ ബസ് യാത്ര തനിക്ക് നൽകിയത് പണം കൊടുത്ത് വാങ്ങാനാവാത്ത ഗൃഹാതുരത്വമാണെന്നാണ് പ്രതീജ് കുറിച്ചത്. സംഭവത്തെ കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെയാണ്:
യാത്രക്കായി രണ്ട് മണിക്കൂറോളം ഞാൻ റാപ്പിഡോ ബൈക്ക്, ഓട്ടോ, കാബ് എന്നിവ ബുക്ക് ചെയ്യാൻ ശ്രമിച്ചു. 150 രൂപ വരെ നൽകാൻ തയാറായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവിൽ നിരാശനായി 800 മീറ്ററോളം നടന്ന് മടിവളയിലെത്തിയപ്പോഴാണ് ആ ചിന്തയുണ്ടായത് -‘എന്തുകൊണ്ട് ബസിൽ യാത്ര ചെയ്തുകൂടാ?’.
അങ്ങനെ ബസിലാക്കി യാത്ര. ബസിൽ കയറിയ നിമിഷം മുതൽ വർഷങ്ങൾക്ക് മുമ്പുള്ള സ്കൂൾ, കോളജ് കാലഘട്ടങ്ങളിലെ ഓർമകൾ മനസ്സിലേക്ക് വന്നു. ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ്, സുഹൃത്തുക്കൾക്കൊപ്പമുള്ള സംസാരങ്ങൾ, ജനൽ സീറ്റിനായുള്ള വാശി, കണ്ടക്ടറുമായുള്ള ചെറിയ തർക്കങ്ങൾ എന്നിവയെല്ലാം മനസ്സിലേക്ക് തിരിച്ചെത്തി. കാലം മാറിയെങ്കിലും യു.പി.ഐ വഴി പണമടക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിലും ആ പഴയ ഓർമകൾക്ക് മാറ്റമില്ല.
മടിവാളയിൽ നിന്ന് സോണി വേൾഡ് സിഗ്നലിലേക്കുള്ള 12 രൂപയുടെ ബസ് യാത്ര തനിക്ക് നൽകിയ സമാധാനവും സന്തോഷവും 150 രൂപ നൽകിയാൽ കിട്ടില്ലായിരുന്നവെന്നും പ്രതീജ് കൂട്ടിച്ചേർത്തു.
നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ചും തങ്ങളുടെ നൊസ്റ്റാൾജിയ പങ്കുവെച്ചും രംഗത്തെത്തിയത്. താനും ഇപ്പോഴും ബംഗളൂരുവിൽ ബസ് യാത്രയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. ലളിതമായ ആ പഴയകാലത്തെ ഓർമിപ്പിക്കുന്ന ഹൃദ്യമായ കുറിപ്പാണിതെന്നാണ് മറ്റ് പലരുടെയും പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

