കന്യാസ്ത്രീകളുടേത് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ട സാധാരണ വിഷയം; അവർക്ക് വേണ്ടി ബി.ജെ.പി ആത്മാർഥമായി രംഗത്തിറങ്ങുമ്പോൾ സഭ നടത്തുന്നത് തരംതാണ കളിയെന്ന് ‘കാസ’
text_fieldsകോഴിക്കോട്: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരായ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി പരിഗണിക്കുമെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ ‘കാസ’ രംഗത്ത്. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ സഭാ നേതൃത്വം വീണുവെന്ന് ‘കാസ’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഓരോ രൂപതകളും ഡി.സി.സി ഓഫിസുകൾ പോലെ പ്രവർത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തി കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കിക്കൊടുത്തു. പതിവിന് വിപരീതമായി സംസ്ഥാന ബി.ജെ.പി നേതൃത്വം വിഷയത്തിൽ കന്യാസ്ത്രീകൾക്ക് വേണ്ടി ആത്മാർഥമായി രംഗത്തിറങ്ങുമ്പോൾ അതിനോട് സഹകരിക്കുന്നതിന് പകരം ബുദ്ധിശൂന്യമായ സ്വാർഥലാഭത്തിന് വേണ്ടിയുള്ള തരംതാണ രാഷ്ട്രീയ കളികളാണെന്നും ‘കാസ’ എഫ്.ബി പോസ്റ്റിൽ പറയുന്നു.
‘കാസ’യുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ???
നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ വീണ സഭാ നേതൃത്വം തങ്ങളുടെ ഓരോ രൂപതകളും ജില്ല തിരിച്ച് ഡിസിസി ഓഫീസുകൾ പോലെ പ്രവർത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധങ്ങളും പ്രകടനങ്ങളും എല്ലാം നടത്തി കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കിക്കൊടുത്തു ഇവിടെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു ......ഇവിടുത്തെ പോരാഞ്ഞിട്ട് ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജയിലിനു മുന്നിൽ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി അവിടെയും വാർത്തകൾ സൃഷ്ടിച്ച് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സർക്കാരിനും കോടതിക്കും എല്ലാം സമ്മർദ്ദം ഉണ്ടാക്കി ഈ അവസ്ഥയിൽ എത്തിച്ചു......... സമാധാനമായല്ലോ !
പതിവിന് വിപരീതമായി സംസ്ഥാന ബിജെപി നേതൃത്വം ഇത്തരമൊരു വിഷയത്തിൽ കന്യാസ്ത്രീകൾക്ക് വേണ്ടി ആത്മാർത്ഥമായി രംഗത്തിറങ്ങുമ്പോൾ അതിനോട് സഹകരിക്കുന്നതിന് പകരം നിങ്ങൾ നടത്തിയത് ബുദ്ധിശൂന്യമായ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള നിങ്ങളുടെ തരംതാണ രാഷ്ട്രീയ കളികളാണ്.
നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള രാഷ്ട്രീയ കളികൾ കാരണം അനുഭവിക്കേണ്ടിവരുന്നത് പ്രായമായ ആ രണ്ട് പാവം കന്യാസ്ത്രീകൾ മാത്രമാണ്.
നിങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒന്നും ആ കന്യാസ്ത്രീകളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് പാളയത്തിൽ എത്തിക്കുക എന്നുള്ളത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം.........അല്ലായെന്ന് നിങ്ങൾ പറയുകയാണെങ്കിൽ കേരളത്തിനുള്ളിൽ ജോസഫ് മാഷ് മുതൽ ഇക്കഴിഞ്ഞ ജൂൺ മാസം മുപ്പതാം തീയതി മുസ്ലിം ലീഗ്കാരാൽ ആക്രമിക്കപ്പെട്ട കാഞ്ഞങ്ങാട്ട് കന്യാസ്ത്രീ വരെ ജിഹാദികളാൽ ആക്രമിക്കപ്പെട്ട വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്കുകൾ ഞങ്ങൾക്ക് പറയേണ്ടതായി വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.