നടുറോഡിൽ നടതള്ളി; ഉപേക്ഷിച്ചുപോയ ഉടമയുടെ കാറിന് പിന്നാലെ കിലോമീറ്ററുകളോളം ഓടി വളർത്തുനായ് -VIDEO
text_fieldsഒരുകാലത്ത് അരുമയായി ഓമനിച്ച വളർത്തുമൃഗങ്ങളെ പിന്നെയൊരു കാലത്ത് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഉപേക്ഷിക്കുകയെന്നത് ചിലരെങ്കിലും ചെയ്യാറുള്ള ക്രൂരകൃത്യമാണ്. പ്രായമേറുമ്പോഴോ അസുഖം ബാധിക്കുമ്പോഴോ ഒക്കെയാണ് പലപ്പോഴും ഇങ്ങനെയുള്ള 'നടതള്ളൽ'. അത്തരമൊരു സംഭവത്തിന്‍റെ വേദനയുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന്.
കാറിന് പിന്നാലെ ഏറെ നേരം ഓടുന്ന ഒരു നായയെയാണ് വിഡിയോയിൽ കാണാനാവുക. തന്നെ തെരുവിൽ ഉപേക്ഷിച്ച ഉടമയുടെ കാറിന് പിന്നാലെ ഓടുകയാണ് നായയെന്ന് വിഡിയോ പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകൾ പറയുന്നു.
ഫരീദാബാദിലെ ക്യു.ആർ.ജി ആശുപത്രിക്ക് സമീപമാണ് സംഭവമെന്നാണ് വിദിത് ശർമ എന്നയാൾ എക്സ് പോസ്റ്റിൽ പറഞ്ഞത്. കാറിന്‍റെ നമ്പർ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. തിരക്കേറിയ റോഡിലൂടെ ഒരു കാറിന്‍റെ പിന്നാലെ മാത്രം ഓടുകയാണ് നായ്.
ഇത് മൃഗങ്ങളോടുള്ള അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഒന്നുകിൽ ആ നായ് ഏതെങ്കിലും വണ്ടിയിടിച്ച് ചാകുമെന്നും അല്ലെങ്കിൽ മറ്റ് നായ്ക്കൾ ചേർന്ന് കൊല്ലുമെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
നായയുടെ വിഡിയോ വൈറലായതോടെ മൃഗസ്നേഹികളുടെ സംഘടന സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് ആളുകൾക്ക് മിണ്ടാപ്രാണികളോട് ഇത്രയും ക്രൂരത കാട്ടാൻ തോന്നുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.