എത്ര ആരോഗ്യവാനാണെങ്കിലും ശരീരം അസ്വസ്ഥതയുടെ സൂചന കാണിച്ചാൽ അവഗണിക്കരുത്; ഫേസ്ബുക്ക് പോസ്റ്റുമായി കലാഭവൻ നവാസിന്റെ സഹോദരൻ
text_fieldsഎത്ര ആരോഗ്യവാനാണെങ്കിലും ശരീരത്തിൽ അസ്വസ്ഥതയുടെ എന്തെങ്കിലും സൂചന കാണിച്ചാൽ അത് എന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ് കാണിക്കണമെന്ന് അന്തരിച്ച കലാഭവൻ നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം. നവാസിന്റെ ബോധ്യവും പൂർണ ആരോഗ്യവാനാണ് എന്നായിരുന്നു. അതായിരിക്കും ശരീരം ചെറിയ സൂചന കാണിച്ചപ്പോൾ ശ്രദ്ധക്കുറവുണ്ടായത് എന്നും നിയാസ് ബക്കർ ഫേസ്ബുക്കിൽ കുറിച്ചു.
കുടുംബത്തിന്റെ ഫോട്ടോ അടക്കം പങ്കുവെച്ചായിരുന്നു കുറിപ്പ്. നവാസിന്റെ മരണത്തിൽ കുടുംബത്തിന് ആശ്വാസമായി എത്തിയ എല്ലാവർക്കും നിയാസ് ബക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം.🙏❤️
എന്റെ അനുജൻ നവാസിന്റെ മരണത്തെ തുടർന്ന് ഒരു വല്ലാത്ത മാനസികാവസ്ഥ യിലായിരുന്നു ഞങ്ങൾ കുടുംബം. ഇപ്പോഴും അതിൽ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ... ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാൻ കഴിയുന്നത് അതുകൊണ്ടാണ്.
മരണം അതിന്റെ സമയവും സന്ദർഭവും സ്ഥലവും കാലം നിർണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാർഥ്യം ഞാൻ കുറേക്കൂടി ആഴത്തിലറിയുന്നു. എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മൾ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തിൽ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാൽ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മൾ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്.എന്റെ നവാസ് പൂർണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തിൽ സൂചനകളുണ്ടായിട്ടും അവനല്പം ശ്രെദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടാമല്ലോ...? കൂടുതലായി ഒന്നും പറയാനില്ല എല്ലാവർക്കും ആരോഗ്യപൂർണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു. എന്റെ അനുജന്റെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾക്കും നവാസിന്റെ മക്കൾ പഠിക്കുന്ന വിദ്യോതയ സ്കൂളിൽ നിന്നും ആലുവ U C college ൽ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കൾക്കും അദ്ധ്യാപകർക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി ഞങ്ങൾക്കൊപ്പം നിന്ന മുഴുവൻ സഹോദരങ്ങൾക്കും പള്ളികമ്മറ്റികൾക്കും. ഞങ്ങളുടെ സഹപ്രവർത്തകർക്കും കൂട്ടുകാർക്കും കുടുബംഗങ്ങൾക്കും നാട്ടുകാർക്കും ദൂരേ പലയിടങ്ങളിൽനിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും സർവ്വോപരി അവനുവേണ്ടി പ്രാർത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവൻ സഹോദരങ്ങൾക്കും എന്റെ നിറഞ്ഞ സ്നേഹം. ❤️❤️❤️🙏🙏🙏.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.