'നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ സ്പീഡിൽ ഓടിക്കാം, കുറച്ചൂടെ നേരത്തെ എത്തിക്കാം, സീറ്റ് ബെൽറ്റ് ഇട്ടേക്കണം'; വൈറലായി മലയാളി പൈലറ്റിന്റെ കുശലാന്വേഷണവും നിർദേശങ്ങളും -വിഡിയോ
text_fieldsകൊച്ചി: വിമാന യാത്രയിൽ കാബിൻ ക്രൂവിന്റെയും പൈലറ്റിന്റെയുമെല്ലാം നിർദേശങ്ങൾ ഒരുപാട് കേട്ടുമടുത്തവരാകും ഭൂരിഭാഗം യാത്രക്കാരും. എന്നാൽ, കുശലാന്വേഷണത്തോടെ ഒരുപാട് നേരം രസകരമായി സംവദിക്കുന്ന, അതും 'പച്ച മലയാള'ത്തിൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് നിർദേശങ്ങൾ കൈമാറിയ പൈലറ്റിനെ കണ്ടവർ അപൂർവമായിരിക്കും.
അത്തരമൊരു സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്രക്കൊരുങ്ങും മുൻപ് മലയാളി യാത്രികരോട് രസകരമായി സംവദിച്ചത്.
ശരത് മാനുവൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. സഹ പൈലറ്റും കാബിൻ ക്രൂവും ഉൾപ്പെടെ മുഴുവൻ പേരും മലയാളികളായ ഇൻഡിഗോ സർവിസിന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് തുടങ്ങിയത്.
എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്?, എന്ന് യാത്രക്കാരോരുത്തരോടും ചോദിച്ച പൈലറ്റ് അതിൽ കൂടുതൽ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് തന്റെ വക സ്പെഷ്യൽ ചായയും ഓഫർ ചെയ്യുന്നുണ്ട് വിഡിയോയിൽ. നാട്ടിലെത്തിയാൽ നിങ്ങൾ എന്തായിരിക്കും ആദ്യം ചെയ്യുക എന്ന ചോദ്യം ചോദിച്ച് യാത്രക്കാരെ നാട്ടിലെ ഓർമകളിലേക്ക് കൊണ്ടുപോയ പൈലറ്റ് അവസാനം സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള നിർദേശങ്ങൾ പറയാനും മറന്നില്ല.
ഇതിനിടെ ' ഇവിടെ നിന്ന് നാട്ടിലേക്ക് ഏകദേശം 2800 കിലോമീറ്റർ ദൂരമുണ്ട്, മൂന്നുമണിക്കൂർ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തുന്നതാണ്. നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ സ്പീഡിൽ ഓടിക്കാം. കുറച്ചൂടെ നേരത്തെ എത്തിക്കാൻ ശ്രമിക്കാം, എല്ലാവരും സീറ്റ് ബെൽറ്റിട്ടേക്കണം'- എന്ന പൈലറ്റിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
2014 ൽ ഇന്ത്യൻ ഒഫീഷ്യൽ കൊമേഴ്സ്യൽ ഫ്ലൈറ്റ് ലൈസൻസ് നേടിയ ശരത് 2016ലാണ് ഇൻഡിഗോയിൽ ജൂനിയർ ഫസ്റ്റ് ഓഫീസറായി ജോലി ആരംഭിക്കുന്നത്. ഇടുക്കി സ്വദേശി മാനുവൽ ജോസഫിന്റെയും ലില്ലി മാനുവലിന്റെയും മകനാണ് ശരത് മാനുവൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.