ഓർമകൾക്ക് മരണമില്ല; സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
text_fieldsബാലുശ്ശേരി: സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കണ്ണീരിൽ കുതിർന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചുപോയ പിതാവിന് പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ശ്രീമോൾ എഴുതിയ കത്താണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.
'ശ്രീമോൾ എഴുതിയ കത്ത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു, ഓർമകൾക്ക് മരണമില്ല. പ്രിയപ്പെട്ടവരുടെ സ്നേഹം എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകും' വിദ്യാർഥിയുടെ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി കുറിച്ചു.
പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കത്തെഴുത്ത് മത്സരത്തിലാണ് അച്ഛനുവേണ്ടി ഈ ഏഴാം ക്ലാസുകാരി കത്തെഴുതി സമ്മാനാർഹയായത്. 'സ്വർഗത്തിലേക്കുള്ള കത്ത്' എന്ന തലക്കെട്ടിലാണ് കത്തെഴുതിയത്.
എന്‍റെ പ്രിയപ്പെട്ട അച്ഛന് എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്തിൽ 'അച്ഛൻ സ്വർഗത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു, അച്ഛന് സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ എന്നാണു തിരിച്ചുവരുക? ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. അച്ഛന് അവിടെ കൂട്ടുകാർ ഉണ്ടാകുമല്ലോ, അച്ഛൻ ഇല്ലാത്തതുകൊണ്ട് ഞങ്ങൾക്കാർക്കും ഇവിടെ ഒരു സുഖവുമില്ല... എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം' എന്ന് അച്ഛന്‍റെ സ്വന്തം ശ്രീമോൾ എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.
2024 ഏപ്രിൽ 10ന് ബൈക്കപകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോർത്ത് നെരവത്ത് മീത്തൽ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടുകാരനായിരുന്നു. ബൈജു മരിച്ചശേഷം ശ്രീനന്ദയുടെ അമ്മ ചെറിയ ജോലിയെടുത്താണ് കുടുംബത്തെ നോക്കുന്നത്'. വായിക്കുന്നവരുടെ കണ്ണിൽ നനവു പടർത്തുന്ന ഈ കത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.