നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണത്; വിവാദ പരാമർശവുമായി എം.എൻ. കാരശേരി
text_fieldsഎം.എൻ. കാരശേരി
കോഴിക്കോട്: മുസ്ലിം സ്ത്രീകൾ ധരിക്കുന്ന നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനുമായ എം.എൻ. കാരശേരി. മുഖം മൂടുന്ന പർദയാണ് നിഖാബ്. സ്ത്രീകളെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന ഈ പരിപാടി നിരോധിക്കണമെന്ന് കാരശേരി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ പറഞ്ഞു. നിഖാബ് ധരിക്കുന്നത് വ്യക്തി സ്വാതന്ത്രമാണെന്ന വാദത്തോട് തനിക്ക് യോജിക്കാനാവില്ലന്നും എന്നാൽ, ഹിജാബ് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം ഇല്ലായെന്നും കാരശേരി വിഡിയോയിലൂടെ പറയുന്നു.
നിഖാബിന് എന്താണ് കുഴപ്പം എന്ന ചോദിക്കുന്നവരോട്, അത് സ്ത്രീ വിരുദ്ധമാണ്, ഇസ്ലാമിക വിരുദ്ധമാണ്, ജനാതിപത്യ വിരുദ്ധമാണ് എന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 25 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ആർക്കെങ്കിലും നിഖാബ് എന്ന വാക്ക് അറിയാമായിരുന്നോ? അതൊക്കെ പുതുതായി വരുന്നതാണ്. ഇതൊരു വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്നമല്ല. മറിച്ച് അതൊരു നിയമ പ്രശ്നമാണ്. കാരണം എന്നോട് ഇടപഴകുന്നതും ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുന്നതും ആരാണെന്ന് അറിയാൻ എനിക്ക് അവകാശമുണ്ടെന്ന് കാരശേരി പറഞ്ഞു.
കൂടാതെ, ഇപ്പോഴത്തെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ പർദയിട്ട് ഒരു സ്ത്രീയാണെന്ന് ഭാവിച്ച് കയറിയാൽ കണ്ടക്ടർക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും എം.എൻ. കാരശേരി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

