ട്രംപിന്‍റെ വിജയം പ്രവചിക്കും, വൈറൽ മൂൺവാക്കും നടത്തും; ക്രിപ്റ്റോകറൻസി വരെയുണ്ട് സ്വന്തം പേരിൽ, ക്യൂട്ട്നെസ് ഓവർലോഡായ മൂ ഡെങ് ഹിപ്പോക്ക് വമ്പൻ ജന്മദിനാഘോഷം
text_fieldsലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പിഗ്മി ഹിപ്പോ മൂ ഡെങ് ജന്മദിനമാഘോഷിക്കുകയാണ് ഈ ജൂലൈ 10ന്. തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ തുറന്ന മൃഗശാലയായ ഖാവോ ഖിയോവിൽ കുട്ടിക്കുറുമ്പും കുസൃതിയും കാട്ടി നടക്കുന്ന മൂ ഡെങ്ങിന്‍റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. ഒരാഴ്ച നീളുന്ന ജന്മദിനാഘോഷമാണ് മൃഗശാലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി ഗെയിമുകളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഹിപ്പോ തീമിലുള്ള കേക്കാണ് ഇവിടെ ഒരുങ്ങുന്നത്. യു.എസ് എംബസ്സിയിൽ നിന്നുവരെ പ്രതിനിധികൾ മൂ ഡെങ്ങിന്‍റെ പിറന്നാളാഘോഷത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഖാവോ ഖിയോവിലെ മൃഗങ്ങളുടെ പരിചാരകനായ അറ്റപോ നുൻഡീ കോവിഡ് 19 ലോക്ഡൗൺ കാലത്ത് ആളുകൾക്ക് അൽപ്പം സന്തോഷം ലഭിക്കാൻ വേണ്ടി മൃഗങ്ങളുടെ ഓമനത്തമുള്ള വിഡിയോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഇതിന് വലിയ പ്രചാരം കിട്ടി. കഴിഞ്ഞ വർഷം മൂ ഡെങ്ങിന്‍റെ ജനനത്തോടെ ഇത് വൈറലാവുകയായിരുന്നു. ക്യൂട്ട്നെസ് വാരിവിതറിയാണ് കുഞ്ഞൻ പെൺ ഹിപ്പോ മൂ ഡെങ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഈ ക്യൂട്ട്നെസ്സിനെ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടുകയായിരുന്നു അധികൃതർ.
സന്തോഷത്തിന്‍റെ അടയാളമായാണ് ആരാധകർ കുഞ്ഞു മൂ ഡെങ്ങിനെ കാണുന്നത്. ആത്മീയ സന്തോഷം നൽകാൻ മൂ ഡെങ്ങിന് കഴിവുണ്ടെന്ന് പറഞ്ഞ് 'സ്പിരിറ്റ് ആനിമൽ' എന്ന പേര് വരെ നൽകി ചിലർ.
മൂ ഡെങ്ങിന്‍റെ കുസൃതികൾ വൈറലായതോടെ നിരവധി മീമുകളും ഫാൻ ആർട്ടുകളും കാർട്ടൂണുകളും ഫാഷനുമൊക്കെ അവളുടെ പേരിൽ ഇറങ്ങിത്തുടങ്ങി. എന്നാൽ, അതുകൊണ്ടും അവസാനിച്ചില്ല, 'മൂ ഡെങ് മേക്കപ്പ്' എന്ന പേരിൽ പുതിയൊരു മേക്കപ്പ് രീതി തന്നെ പ്രചാരത്തിൽ വന്നു. മൂ ഡെങ്ങിന്‍റെ മുഖകാന്തിയും ചുറുചുറുക്കും വേണ്ടവർ 'മൂ ഡെങ് മേക്കപ്പ്' ചെയ്താൽ മതിയെന്നാണ് വെപ്പ്. ഇതിന്‍റെയും പല വിഡിയോകളും ആഗോള തലത്തിൽ വൈറലായി.
ഇക്കഴിഞ്ഞ ഏപ്രിലിൽ തായ്‍ലൻഡിലെ പ്രശസ്തമായ സോങ്ക്രാൻ ഫെസ്റ്റിവലിനെത്തിയ വിനോദസഞ്ചാരികളെ അധികൃതർ സ്വാഗതം ചെയ്തത് മൂ ഡെങ്ങിന്‍റെ പാവകൾ സമ്മാനിച്ചാണ്. വിമാനമിറങ്ങിയ എല്ലാവർക്കും ലഗ്ഗേജിനൊപ്പം ലഭിച്ച മൂ ഡെങ് പാവകൾ കണ്ട് സന്തോഷമായി.
വംശനാശ ഭീഷണി നേരിടുന്ന പിഗ്മി ഹിപ്പോ ഇനത്തിലാണ് മൂ ഡെങ്ങിന്‍റെ ജനനം. മൂ ഡെങ്ങിനെ മൃഗസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള അടയാളമായും ഉയർത്തിക്കാട്ടുന്നുണ്ട്. പിന്നോട്ട് നടക്കുന്ന മൂ ഡെങ്ങിന്‍റെ വിഡിയോ നേരത്തെ 'മൂൺവാക്ക്' എന്ന പേരിൽ പ്രശസ്തമായിരുന്നു. മൂ ഡെങ്ങിനെ കാണാനെത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ ഓൺലൈൻ ലൈവ് സ്ട്രീമിങ് തന്നെ ഒരുക്കിയിരുന്നു.
കഴിഞ്ഞ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിർണായക പ്രവചനം നടത്തിയും മൂ ഡെങ് തരംഗമായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെ പരാജയപ്പെടുത്തുമെന്നായിരുന്നു മൂ ഡെങ്ങിന്‍റെ പ്രവചനം. അത് കൃത്യമായതോടെ മൂ ഡെങ് വേറെ ലെവലായി. കമല ഹാരിസിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും പേരെഴുതിയ തണ്ണിമത്തനും മറ്റ് ഫ്രൂട്ട്സുകളും മൂ ഡെങിന് മുന്നില്‍ വെച്ചായിരുന്നു പ്രവചനം ഒരുക്കിയത്. ഇതില്‍ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണ് മൂ ഡെങ് എടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.