‘ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല’
text_fieldsമുഹമ്മദലി കിനാലൂർ
കോഴിക്കോട്: നെന്മാറ എൻ.എസ്.എസ് സ്കൂളിൽ ഓണാഘോഷത്തിന് അനുമതി നൽകിയില്ലെന്ന വാർത്തയിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി കിനാലൂർ. ഖുർആൻ പഠന സ്ഥാപനത്തിൽ ഓണം ആഘോഷിച്ചില്ലേൽ രക്തം തിളക്കുന്ന സഖാക്കൾക്ക് നെന്മാറ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ എന്ന് മുഹമ്മദലി കിനാലൂർ ചോദിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് ധൈര്യമുണ്ടോ?. ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല. ഇപ്പോൾ അനങ്ങാതിരിക്കുന്ന സംഘടനകൾക്ക് അന്നേരമെങ്കിലും നേരം വെളുക്കുമായിരിക്കുമെന്നും മുഹമ്മദലി കിനാലൂർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഹമ്മദലി കിനാലൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
N.S.S നു കീഴിലുള്ള ഏതേലും സ്കൂളിൽ നബിദിനം ആഘോഷിക്കാറുണ്ടോ?
ക്രൈസ്തവ സഭകളുടെ സ്‌കൂളുകളിൽ പെരുന്നാൾ ആഘോഷിക്കാറുണ്ടോ?
എസ് എൻ ഡിപിക്ക് കീഴിലുള്ള സ്‌കൂളുകളിൽ റമളാൻ പ്രമാണിച്ച് സ്പെഷ്യൽ പരിപാടി നടക്കാറുണ്ടോ?
ഇല്ല. നൂറുതരം.
അങ്ങനെ നടക്കാത്തതിൽ സിപിഎമ്മിന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടാകാറുണ്ടോ?
നെന്മാറ എൻ എസ് എസ് സ്കൂളിൽ ഓണാഘോഷത്തിന് അനുമതി നൽകിയില്ല എന്ന വാർത്ത പുറത്തുവന്നിട്ട് മണിക്കൂറുകളായി. നെന്മാറ സ്‌കൂളിലേക്ക് സി പി എം, ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുമോ?
ഖുർആൻ പഠന സ്ഥാപനത്തിൽ ഓണം ആഘോഷിച്ചില്ലേൽ രക്തം തിളയ്ക്കുന്ന സഖാക്കൾക്ക് നെന്മാറ സ്കൂൾ അധികൃതർക്കെതിരെ കേസിന് പോകാൻ ധൈര്യമുണ്ടോ? കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് ധൈര്യമുണ്ടോ?
ഓണത്തിൽ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട എലമെന്റ്സ് ഉണ്ട് എന്ന് ഖുർആൻ പഠിതാക്കളുടെ രക്ഷിതാക്കളോട് ഒരു അധ്യാപിക പറഞ്ഞാൽ സഖാക്കൾക്ക് അപ്പോൾ വർഗീയത ഇളകും.
തിബ്-യാൻ എന്നത് സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ ചെറിയ കുട്ടികൾക്ക് ഖുർആൻ പഠിപ്പിക്കുന്ന സ്ഥാപനമാണ്. അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് അധ്യാപിക ബ്രോഡ്കാസ്റ്റ് മെസേജ് വിട്ടത്. അതിന്റെ പേരിലാണ് സ്കൂൾ പൂട്ടിക്കാൻ സി പി എമ്മുകാർ നടക്കുന്നത്.
പാർട്ടി വേഷമിട്ട ഹിന്ദുത്വ കമ്മ്യൂണിസത്തിന്റെ ഈ താന്തോന്നിത്തരത്തിനെതിരെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങൾ പ്രതികരിക്കണം. ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണം എന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല. ഇപ്പോൾ അനങ്ങാതിരിക്കുന്ന സംഘടനകൾക്ക് അന്നേരമെങ്കിലും നേരം വെളുക്കുമായിരിക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.