ആർക്കും കൊതി തോന്നുന്ന മായാവലയം; സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നിലെന്ത്?
text_fieldsരാവിലെ ഉറക്കമുണർന്ന് ഫോൺ തുറക്കുന്നതു മുതൽ രാത്രി കണ്ണടയ്ക്കുന്നതുവരെ പുതിയൊരു ട്രെൻഡിന് പിന്നാലെയാണ് ഡിജിറ്റൽ ലോകം. ഇന്നലെ വരെ റീൽസുകളിൽ നിറഞ്ഞുനിന്ന ചലഞ്ചുകൾ ഇന്ന് മായുകയും നാളെ മറ്റൊന്ന് അതിന്റെ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഫീഡുകളിലെ ഓരോ സ്ക്രോളിങ്ങിലും കാണുന്ന ഇത്തരം ട്രെൻഡുകൾക്ക് പിന്നിൽ വെറുമൊരു വിനോദത്തിനപ്പുറം മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്ന വലിയൊരു ശാസ്ത്രമുണ്ട്. എന്തുകൊണ്ടാണ് നമ്മൾ അറിയാതെ തന്നെ ഇത്തരം ഡിജിറ്റൽ തരംഗങ്ങളുടെ ഭാഗമാകുന്നത്? എന്താണ് ഒരു ട്രെൻഡിനെ ഇത്രയധികം ജനപ്രിയമാക്കുന്നത്? എന്തുകൊണ്ടാണ് വൈറലാകാൻ ആളുകൾ പരക്കം പായുന്നതിന് കാരണം. മുൻ കാലങ്ങളിലൊക്കെ പല കാര്യങ്ങളും പബ്ലിക്കാക്കാൻ മടിച്ചിരുന്ന ആളുകളായിരുന്നു കൂടുതൽ. ആളുകൾ എന്ത് വിചാരിക്കുമെന്ന ധാരണയൊക്കെ പോയി മറഞ്ഞിരിക്കുന്നു. എന്തായിരിക്കും അതിനുപിന്നിലെ കാരണം? കാലമാണോ മാറിയത്? ആളുകളോ? പരമ്പരാഗതകൂട്ടായ്മകളിൽ നിന്ന് വ്യക്തികൾ ഡിജിറ്റൽ ലോകത്തിലേക്ക് വഴിമാറിയതാണ് ഇതിൽ പ്രധാനം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാവർക്കും സ്വന്തമായൊരു ഇടം നൽകി. മറ്റുള്ളവരുടെ അംഗീകാരം വളരെ വേഗത്തിൽ ലഭിച്ചുതുടങ്ങിയപ്പോൾ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള മടി ആളുകളിൽ ഇല്ലാതായി.മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനേക്കാൾ സ്വന്തം മാനസിക സംതൃപ്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ആളുകൾ മുൻഗണന നൽകുന്നു.
സാരി ജെമിനി മുതൽ സ്പ്ലിറ്റ് ഫെയ്സ് വരെ; മാറിമറിയുന്ന ട്രെൻഡുകൾ
സോഷ്യൽ മീഡിയയിൽ ഓരോ കാലത്തും ഓരോ തരത്തിലുള്ള ട്രെൻഡുകളാണ് തരംഗമാകുന്നത്. ഒരുകാലത്ത് പാട്ടുകൾക്കൊപ്പമുള്ള റീൽസുകളും ഡാൻസ് ചലഞ്ചുകളുമായിരുന്നു പ്രധാന ആകർഷണമെങ്കിൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വലിയൊരു വിഭാഗം ഉപയോക്താക്കളെ ആകർഷിക്കുന്നത്.കഴിഞ്ഞ കുറച്ചുകാലത്തിനിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചില ട്രെൻഡുകൾ നോക്കാം.
1. സാരി ജെമിനി ട്രെൻഡ്: സാധാരണ ഫോട്ടോകളെ പഴയകാല സിനിമകളിലെ നായികമാരെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ സാരി ചിത്രങ്ങളാക്കി മാറ്റുന്നതായിരുന്നു ഈ ട്രെൻഡിന്റെ പ്രത്യേകത. ഗൂഗിൾ ജെമിനിയുടെ AI ഇമേജ് സംവിധാനത്തിലൂടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സൃഷ്ടിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പഴയകാല സിനിമകളിലെ വേഷവിധാനങ്ങളും പശ്ചാത്തലവുമെല്ലാം ഇതിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടു.
2. 3D ഫിഗറിൻ ട്രെൻഡ്: ഒരു വ്യക്തിയെ കളിപ്പാട്ടത്തിന്റെ രൂപത്തിലുള്ള ചെറിയ 3D പ്രതിമയാക്കി മാറ്റുന്നതായിരുന്നു അടുത്ത കൗതുകം. പേര്, ജോലി, ഇഷ്ടവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തി കളിപ്പാട്ടത്തിന്റെ പാക്കറ്റിനുള്ളിൽ സ്വന്തം രൂപം കാണിക്കുന്ന ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി.
3. സ്റ്റുഡിയോ ഗിബ്ലി ട്രെൻഡ്: സാധാരണ ഫോട്ടോകളെ ജാപ്പനീസ് ആനിമേഷൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളെപ്പോലെ വരച്ചുചേർക്കുന്നതായിരുന്നു ഈ ട്രെൻഡ്. സ്റ്റുഡിയോ ഗിബ്ലി സിനിമകളെ ഓർമിപ്പിക്കുന്ന ചിത്രശൈലി സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി.
4. ചെറുപ്പത്തിലെ സ്വന്തം രൂപത്തെ കെട്ടിപ്പിടിക്കുന്ന ചിത്രം: ഇന്നത്തെ സ്വന്തം രൂപവും കുട്ടിക്കാലത്തെ രൂപവും ഒരുമിച്ച് നിൽക്കുന്നതോ കെട്ടിപ്പിടിക്കുന്നതോ ആയ ചിത്രങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ ട്രെൻഡ്. പഴയകാല ഓർമകളിലേക്കുള്ള മടക്കയാത്രയും വൈകാരികതയുമാണ് ഇതിനെ ആകർഷകമാക്കിയത്.
5. 80s റെട്രോ ട്രെൻഡ്: ഇപ്പോഴത്തെ ഫോട്ടോ നൽകിയാൽ 1980-കളിലെ വസ്ത്രധാരണവും മുടിയുടെ സ്റ്റൈലും പഴയകാല സ്റ്റുഡിയോ പശ്ചാത്തലവുമെല്ലാം ഉൾപ്പെടുത്തി ഒരു ചിത്രം സൃഷ്ടിക്കുന്നതാണ് ഈ ട്രെൻഡ്. പഴയ സിനിമാ പോസ്റ്ററുകളിലെയും കുടുംബ ആൽബങ്ങളിലെയും ചിത്രങ്ങളെ ഓർമിപ്പിക്കുന്ന രൂപമാണ് ഇതിന്റെ പ്രത്യേകത.
6. സ്പ്ലിറ്റ് ഫെയ്സ് AI ട്രെൻഡ്: അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു കൗതുകമാണ് സ്പ്ലിറ്റ് ഫെയ്സ് അഥവാ ഹാഫ് ഫെയ്സ് ട്രെൻഡ്. സ്വന്തം മുഖത്തിന്റെ പകുതിയും അച്ഛന്റെയോ അമ്മയുടെയോ മുഖത്തിന്റെ പകുതിയും ചേർത്ത് ഒറ്റ ചിത്രമാക്കുന്നു. മുഖത്തെ സാദൃശ്യങ്ങൾ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഈ ചിത്രങ്ങൾ സഹോദരങ്ങൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പരീക്ഷിക്കുന്നവരുമുണ്ട്.
7. സെലിബ്രിറ്റിക്കൊപ്പമുള്ള സെൽഫി: സ്വന്തം ഫോട്ടോയ്ക്കൊപ്പം ഇഷ്ടതാരത്തിന്റെ ചിത്രവും ചേർത്ത് ഇരുവരും ഒരുമിച്ച് സെൽഫിയെടുക്കുന്നതുപോലെ തോന്നിക്കുന്ന AI ചിത്രങ്ങളും വലിയ കൗതുകമുണർത്തി. യഥാർഥത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത താരങ്ങൾക്കൊപ്പമുള്ള ചിത്രം പോലും നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാമെന്നതാണ് ഇതിന്റെ ആകർഷണം.ഇങ്ങനെ ഓരോ ട്രെൻഡും വ്യത്യസ്തമായ കൗതുകങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ചിലത് സൗന്ദര്യത്തെ മുൻനിർത്തുമ്പോൾ മറ്റു ചിലത് ഗൃഹാതുരത്വവും കുടുംബബന്ധങ്ങളും താരങ്ങളോടുള്ള ആരാധനയുമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ഇവയെല്ലാം ഒരുപോലെ വൈറലാകുന്നതിന് പിന്നിൽ ചില പൊതുവായ മനശാസ്ത്ര ഘടകങ്ങളുണ്ട്.
'ഫോമോ'യും ഡോപമിൻ റഷും: ട്രെൻഡിന്റെ മനശാസ്ത്രം
മനുഷ്യൻ സഹജമായി തന്നെ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുമോ എന്ന ഭയമാണ് നമ്മെ ഓരോരുത്തരെയും ട്രെൻഡുകൾ പിന്തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. മനശാസ്ത്രത്തിൽ ഇതിനെ 'FOMO' (Fear of Missing Out) എന്ന് വിളിക്കുന്നു. മറ്റുള്ളവരെല്ലാം ചെയ്യുന്ന ഒരു കാര്യത്തിൽ താനുമില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടുപോകുന്നുവെന്ന തോന്നൽ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നു.മറ്റൊരു പ്രധാന ഘടകം തലച്ചോറിലെ ഡോപമിൻ എന്ന രാസസന്ദേശവാഹകമാണ്. പുതിയൊരു ട്രെൻഡ് പരീക്ഷിക്കുമ്പോഴും അതിന്റെ ചിത്രം പങ്കുവെച്ചശേഷം ലൈക്കുകളും കമന്റുകളും ലഭിക്കുമ്പോഴും നമുക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടാം. പ്രതീക്ഷിച്ച അംഗീകാരം ലഭിക്കുമ്പോഴുള്ള ഈ സന്തോഷം വീണ്ടും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നു.
ഓരോ തവണയും പുതിയൊരു ട്രെൻഡ് കാണുമ്പോൾ അത് പരീക്ഷിച്ചുനോക്കാനുള്ള കൗതുകവും അതിന്റെ ഫലം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ആഗ്രഹവും ഒരുമിച്ച് പ്രവർത്തിക്കുന്നു. അങ്ങനെ ഒരു ട്രെൻഡ് പിന്തുടരുന്നത് വെറുമൊരു വിനോദമല്ലാതായി മാറുന്നു.
കൂട്ടായ്മയുടെ മായാവലയം
സോഷ്യൽ മീഡിയ ട്രെൻഡുകൾ വ്യക്തിഗതമായ കൗതുകങ്ങൾക്കപ്പുറം ഒരു കൂട്ടായ്മയുടെ അനുഭവം കൂടി സൃഷ്ടിക്കുന്നവയാണ്. തങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ മക്കളുടെയോ സുഹൃത്തുക്കളുടെയോ മുഖങ്ങളിലെ സാദൃശ്യം ഒരൊറ്റ ചിത്രത്തിൽ കാണിച്ചുതരുന്ന സ്പ്ലിറ്റ് ഫെയ്സ് ട്രെൻഡ് ഇതിന് നല്ല ഉദാഹരണമാണ്.സ്വന്തം വേരുകളിലേക്കും കുടുംബബന്ധങ്ങളിലേക്കുമുള്ള കൗതുകം ഇത്തരം ചിത്രങ്ങളിലൂടെ കൂടുതൽ ശക്തമാകുന്നു. അതുപോലെ, പഴയകാലത്തെ വസ്ത്രധാരണത്തിലും സിനിമാ ശൈലിയിലും സ്വന്തം രൂപം കാണാൻ സഹായിക്കുന്ന റെട്രോ ട്രെൻഡുകൾ ഗൃഹാതുരത്വത്തെ ഉണർത്തുന്നു. അതായത്, ഓരോ ട്രെൻഡും നമ്മുടെ ഉള്ളിലെ വ്യത്യസ്തമായ വികാരങ്ങളെയാണ് സ്പർശിക്കുന്നത്.
നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കും?
ഒരു ട്രെൻഡ് വൈറലാകുമ്പോൾ അതിൽ പങ്കുചേരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മറ്റുള്ളവർക്കും അത് പരീക്ഷിക്കാനുള്ള താൽപര്യം വർധിക്കുന്നു. സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും ഒരേ രീതിയിലുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ താനും അതിന്റെ ഭാഗമാകണമെന്ന തോന്നൽ സ്വാഭാവികമാണ്.ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ അംഗീകാരവും പ്രധാനമാണ്. ഒരു ചിത്രം എത്ര പേർ കണ്ടു, എത്ര ലൈക്കുകൾ ലഭിച്ചു, എത്ര പേർ കമന്റ് ചെയ്തു തുടങ്ങിയ കാര്യങ്ങൾ പലരുടെയും ആത്മസംതൃപ്തിയെ സ്വാധീനിക്കുന്നുണ്ട്. മറ്റുള്ളവരുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്ന ഈ മനോഭാവം ട്രെൻഡുകളുടെ പ്രചാരം വർധിപ്പിക്കുന്നു.
അൽഗോരിതങ്ങളുടെ കളിയും നമ്മുടെ ശ്രദ്ധയും
നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ കാര്യങ്ങളും യാദൃച്ഛികമായി എത്തുന്നതല്ല. ഓരോരുത്തരുടെയും താൽപര്യങ്ങൾ, തിരയലുകൾ, ലൈക്കുകൾ, കാണുന്ന വീഡിയോകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്ഫോമുകൾ പുതിയ ഉള്ളടക്കങ്ങൾ നിർദേശിക്കുന്നത്.ഒരു പ്രത്യേക തരത്തിലുള്ള AI ചിത്രം നമ്മൾ കൂടുതൽ സമയം നോക്കിയാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഫീഡിൽ പ്രത്യക്ഷപ്പെടാം. ഒരു ട്രെൻഡ് പരീക്ഷിച്ചാൽ അതിന്റെ വിവിധ രൂപങ്ങൾ വീണ്ടും വീണ്ടും മുന്നിലെത്തും. ഇതോടെ ആ ട്രെൻഡ് എല്ലായിടത്തും നിറഞ്ഞുനിൽക്കുകയാണെന്ന തോന്നൽ ഉണ്ടാകുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ ദൃശ്യാനുഭവങ്ങൾ നൽകുന്ന റീൽസുകളും AI ചിത്രങ്ങളും നമ്മുടെ ശ്രദ്ധയെ നിരന്തരം പിടിച്ചുനിർത്തുന്നു. അടുത്തതായി എന്താണ് വരുന്നതെന്നറിയാനുള്ള ആകാംക്ഷയും സ്ക്രോളിങ് തുടരാൻ പ്രേരിപ്പിക്കുന്നു.
ട്രെൻഡുകൾ പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?
എല്ലാ ട്രെൻഡുകളും നിരുപദ്രവകരമായ വിനോദങ്ങളാണെന്ന് കരുതാനാവില്ല. പ്രത്യേകിച്ച് AI ചിത്രങ്ങൾ സൃഷ്ടിക്കാൻ സ്വന്തം ഫോട്ടോകളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വിവിധ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യുമ്പോൾ സ്വകാര്യതയെക്കുറിച്ച് ബോധ്യമുണ്ടാകണം. വിശ്വസനീയമല്ലാത്ത ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും വ്യക്തിഗത ചിത്രങ്ങൾ കൈമാറുന്നത് ഒഴിവാക്കണം. ചിത്രങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളുടെ സ്വകാര്യതാ നയങ്ങളും ശ്രദ്ധിക്കേണ്ടതാണ്.ട്രെൻഡുകൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റുള്ളവരെല്ലാം ചെയ്യുന്നു എന്നതുകൊണ്ട് മാത്രം എന്തും ചെയ്യേണ്ടതില്ല. സോഷ്യൽ മീഡിയയിലെ അംഗീകാരത്തിനായി സ്വന്തം സമയവും സ്വകാര്യതയും നഷ്ടപ്പെടുത്താതിരിക്കുകയാണ് പ്രധാനം.ഇന്നത്തെ വൈറൽ ചിത്രം നാളെ ആരും ഓർക്കണമെന്നില്ല. പക്ഷേ അതിനു പിന്നാലെ ചെലവഴിക്കുന്ന നമ്മുടെ സമയവും പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങളും അത്ര പെട്ടെന്ന് തിരിച്ചുപിടിക്കാനാവില്ല!!!

