‘ക്രിസ്മസ് കേക്ക് കൊടുക്കുക, അടിക്കുക, വീണ്ടും കേക്ക് കൊടുക്കുക, വീണ്ടും അടിക്കുക’... എത്ര വിനയം വാരിപ്പൊത്തിയാലും സംഘ് പരിവാറിന്റെ ക്രൈസ്തവ വിരുദ്ധത പുറത്ത് വരുമെന്ന് സന്ദീപ് വാര്യർ
text_fieldsപുറമേക്ക് എത്ര വിനയം വാരിപ്പൊത്തിയാലും സംഘപരിവാറിന്റെ ഉള്ളിലുള്ള ക്രൈസ്തവ വിരുദ്ധത അറിയാതെ പുറത്തുവരുമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർ ഉൾപ്പടെയുള്ളവരെ ഹിന്ദുത്വവാദികൾ ക്രൂരമായി മർദിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ക്രിസ്മസ് കേക്ക് കൊടുക്കുക, അടിക്കുക, വീണ്ടും ക്രിസ്മസ് കേക്ക് കൊടുക്കുക, വീണ്ടും അടിക്കുക എന്നതാണ് സംഘ് പരിവാറിന്റെ രീതിയെന്നും സന്ദീപ് പരിഹസിച്ചു. ഇനി കേക്ക് കൊടുക്കാതെ ഒന്ന് അടിച്ചു നോക്കിക്കേ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ എഴുതുന്നു.
മധ്യപ്രദേശിൽ ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ടാണ് ഹിന്ദുത്വപ്രവർത്തകർ ക്രൂരമായി മർദിച്ചത്. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25-ാം വാർഷിഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ജയ്ശ്രീറാം വിളിച്ച് ക്രൂരമായി മർദിച്ചുവെന്ന് സംഘത്തിലുണ്ടായിരുന്ന മലയാളിയായ ഫാ. ഡേവിസ് ജോർജ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന കേന്ദ്ര സർക്കാർ അവകാശ വാദങ്ങൾക്കിടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വൈദികരടക്കം ക്രൂരമായി ആക്രമിക്കപ്പെട്ടത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെയാണ് മർദനം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരുടെ ബസ് തടയുകയായിരുന്നു. മഹാരാജ്പൂർ പ്രദേശത്തെ 50 ആദിവാസി വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നാരോപിച്ചാണ് ബസ് തടഞ്ഞത്.
തുടർന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇവരെ വിട്ടയച്ചു. മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയായിരുന്നു. വൈദികരെ ഹിന്ദുത്വവാദികൾ ആക്രമിച്ച സംഭവം കൊടിക്കുന്നിൽ സുരേഷ് എം.പി പാർലമെന്റിന്റെ ശൂന്യവേളയിൽ ഉന്നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.