‘സാറേ..എനിക്ക് അച്ഛനും അമ്മയും ഇല്ല, സാറാണ് ഇനി എന്റെ ദൈവവും അച്ഛനും അമ്മയും, എങ്ങനെയെങ്കിലും ജയിപ്പിക്കണേ’; വൈറലായി ഒരു പരീക്ഷാ പേപ്പർ!
text_fieldsഹൈദരാബാദ്: പരീക്ഷാ ഹാളിലെ ചോദ്യപേപ്പർ കണ്ടാൽ ചിലപ്പോൾ തല കറങ്ങും, പഠിച്ചതൊന്നും ഓർമ വരില്ല. എന്നാൽ, തെലുങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർഥി പരീക്ഷാ പേപ്പറിൽ കുറിച്ച വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയാണ്. തോൽവി ഉറപ്പായപ്പോൾ താൻ പഠിച്ച സകല വിദ്യകളും പ്രയോഗിച്ചിരിക്കുകയാണ് ഈ മിടുക്കൻ. വെറുമൊരു അപേക്ഷയല്ല, വൈകാരികമായ സ്നേഹ പ്രകടനമാണ് പരീക്ഷാ പേപ്പറിൽ നിറയെ.
'സാർ, ഞാൻ പഠിച്ചതൊന്നും വന്നില്ല. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ദൈവം ഇപ്പോൾ നിങ്ങളാണ്. ദൈവം എപ്പോഴും നല്ലവരെ സഹായിക്കുമല്ലോ,' എന്നായിരുന്നു വിദ്യാർഥിയുടെ ആദ്യത്തെ അടവ്. പരീക്ഷാ പേപ്പർ നോക്കുന്ന അധ്യാപകനെ ദൈവതുല്യനായി വാഴ്ത്തിക്കൊണ്ട് തുടങ്ങിയ അപേക്ഷയിൽ തനിക്ക് അച്ഛനും അമ്മയും ഇല്ലെന്നും സാറാണ് ഇനി തന്റെ അച്ഛനും അമ്മയുമെന്നും വരെ ഈ വിരുതൻ എഴുതിപ്പിടിപ്പിച്ചു. മിനിമം മാർക്ക് തന്ന് എങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നും, അതിന് പകരമായി ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടവനായിരിക്കുമെന്നും ഉത്തരക്കടലാസിൽ കുറിച്ചു.
വെറും വാക്കുകളിൽ ഒതുക്കാതെ, തന്റെ വിനീതഭാവം പ്രകടിപ്പിക്കാൻ ഒരു ചിത്രവും പരീക്ഷാ പേപ്പറിൽ വരച്ചുചേർത്തു. തന്നെ ജയിപ്പിച്ചാൽ സാറിന്റെ കാലിൽ വീഴാൻ തയാറാണെന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള വാഗ്ദാനം. ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സമയം കിട്ടിയില്ലെങ്കിലും അധ്യാപകനെ സോപ്പിടാനുള്ള ചിത്രവും കവിതയും തയാറാക്കാൻ ഈ വിദ്യാർഥി സമയം കണ്ടെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പരീക്ഷാ പേപ്പർ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. 'നമ്മളെല്ലാവരും നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും, പക്ഷേ ഇവൻ അത് നേരിട്ട് നടപ്പിലാക്കി കളഞ്ഞു' -എന്നാണ് ഒരാൾ കുറിച്ചത്. ഓരോ തലമുറയിലും പരീക്ഷാപ്പേപ്പറിൽ ഇത്തരം പരീക്ഷണങ്ങൾ നടക്കാറുണ്ടെങ്കിലും, ഇത്രയും കൃത്യമായ സ്കെച്ചും വൈകാരിക പ്രകടനവും ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഏതായാലും, ഈ വിദ്യാർഥിയുടെ കടുംകൈ കണ്ട് അധ്യാപകൻ മാർക്ക് നൽകിയോ അതോ തോൽപിച്ചുവിട്ടോ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

