വെള്ളക്കെട്ടിലായ മുംബൈ നഗരത്തെ രക്ഷിക്കാൻ 'സ്പൈഡർമാൻ'; വൈറലായി വിഡിയോ
text_fieldsമുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ്. പല പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ടിൽ നിന്നും മുംബൈ നഗരത്തെ രക്ഷിക്കാനെത്തിയ സ്‌പൈഡര്‍മാന്‍റെ വിഡിയോ വൈറലാകുന്നത്.
78 ലക്ഷം ഫോളോവേഴ്‌സുള്ള 'സ്പൈഡർമാൻ ഓഫ് മുംബൈ' എന്ന ഇൻഫ്ലുവൻസറാണ് ഇതിന് പിന്നിൽ. വെള്ളത്തിനടിയിലായ ഈ നഗരം എനിക്ക് വേഗം വൃത്തിയാക്കണം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌പൈഡര്‍മാന്‍റെ വേഷത്തിലെത്തിയ ഇയാളുടെ കൈയിൽ ഒരു ടോയ്‌ലെറ്റ് ബ്രഷും ഉണ്ട്.
വിഡിയോ വൈറലായത്തോടെ നിരവധി ആളുകൾ രസകരമായ കമന്റുകൾ പങ്കുവെച്ചു. മിഷന്‍ ഇംപോസിബിള്‍ സ്‌പൈഡി, ദയവായി ഞങ്ങളെ രക്ഷിക്കൂ, സ്‌പൈഡര്‍മാന്‍ മഴയില്‍ കഷ്ടപ്പെടുന്നു അങ്ങനെ നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വരുന്നത്.
അതേസമയം, മഴയുമായി ബന്ധപ്പെട്ട് മുംബൈയിൽ കുറഞ്ഞത് ആറ് പേർ മരിച്ചു. നൂറിലധികം പേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളുമടക്കം ദുരിതം അനുഭവിക്കുകയാണ്. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി.
കനത്തമഴക്കിടെ മുബൈയിൽ മോണോ റെയിൽ പെരുവഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറോളമാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടുങ്ങിയ ട്രെയിനിൽ നിന്നും രാത്രി 9.50ഓടെ മാത്രമാണ് യാത്രക്കാരെ മുഴുവൻ പുറത്തെത്തിക്കാനായത്. കനത്ത മഴക്കിടെ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് ട്രെയിൻ മേൽപാലത്തിൽ കുടുങ്ങിയത്. ഓവർലോഡ് കാരണം ബ്രേക്ക് ഡൗൺ ആയതും തിരിച്ചടിയായി.
മൈസൂർ കോളനിക്ക് സമീപത്തായിരുന്നു സംഭവം. ട്രെയിനിൽ കുടുങ്ങിയ 582 യാത്രക്കാരെ മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെത്തിച്ചത്. കൂറ്റൻ ക്രെയിനുകളും ലാഡറും എത്തിച്ചായിരുന്നു യാത്രക്കാരെ താഴെയെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.