‘ചേട്ടന്റെയും എന്‍റെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു...’; കേരളത്തിലെ സി.പി.എം നേതാക്കൾക്കെതിരെ താരാ ടോജോ അലക്സ്
text_fieldsകോഴിക്കോട്: ബി.ജെ.പിയുടെ വോട്ട് കൊള്ള സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാത്ത കേരളത്തിലെ സി.പി.എം നേതാക്കളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. വോട്ട് കൊള്ളയിൽ ഇത്രയധികം കോലാഹലങ്ങൾ ഉണ്ടായിട്ടും ഒന്നും ഉരിയാടാതെ ഒളിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ടെന്നും
കേരളത്തിലെ സി.പി.എം നേതാക്കളാണെന്നും താരാ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെ മുതിർന്ന നേതാക്കളും എം. സ്വരാജും മുഹമ്മദ് റിയാസും അടക്കം യുവ തുർക്കികളും ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിൽ ഇന്നേവരെ നടന്ന സകല തെരഞ്ഞെടുപ്പുകളിലും വ്യാപകമായി കള്ളവോട്ട് ചെയ്യിപ്പിക്കുകയും പരേതാത്മക്കളെ വരെ ബൂത്തിൽ എത്തിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്, ബി.ജെ.പിയുടെ വോട്ട് കൃത്രിമത്വത്തെ കുറിച്ച് സംസാരിക്കാൻ എങ്ങനെ ധൈര്യം വരുമെന്നും താരാ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
താരാ ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മഹാരാഷ്ട്രയിലും കർണാടകയിലും തെരഞ്ഞെടുപ്പ് കൃത്രിമത്വം നടന്നത് തെളിവ് സഹിതം ശ്രീ രാഹുൽ ഗാന്ധി തുറന്നു കാണിച്ചത് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുകയാണ്. സകല മുഖ്യധാര മാധ്യമങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പെടെ സകലരും അവരുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്...
ഇത്രയധികം കോലാഹലങ്ങൾ ഇവിടെയുണ്ടായിട്ടും ഒന്നും ഉരിയാടാതെ ഒളിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട്.
കേരളത്തിലെ സിപിഎം നേതാക്കൾ.
പിണറായി വിജയനും എം വി ഗോവിന്ദനും ഉൾപ്പെടെയുള്ള സകല മുതിർന്ന നേതാക്കളും ഒരക്ഷരം മിണ്ടിയിട്ടില്ല.
ഇനി യുവ തുർക്കികൾ വല്ലതും മൊഴിഞ്ഞോ എന്നറിയാൻ എം സ്വരാജിന്റെയും, മുഹമ്മദ് റിയാസിന്റെയും, റഹീമിന്റെയും, ജയിക്കിന്റെയും ജോൺ ബ്രിട്ടാസിന്റെയും പേജുകളിൽ പോയി നോക്കി. അവിടെയെല്ലാം പൂച്ച പെറ്റ് കിടക്കുകയാണ്. ഒരനക്കവുമില്ല!!
പിന്നെ പേരിനെങ്കിലും കുറച്ച് ഒച്ച വച്ചത് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലും സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ബിജെപി അട്ടിമറി നടത്ത് എന്ന് പറഞ്ഞ സിപിഐ നേതാവ് സുനിൽകുമാർ ആണ്.
എന്തുകൊണ്ടാണ് സകല സിപിഎം നേതാക്കളും ഇത്രയും പ്രാധാന്യമുള്ള ഈ വിഷയത്തിൽ, ഇത്രത്തോളം നിശബ്ദത പാലിക്കുന്നതെന്ന് വണ്ടർ അടിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ബൾബ് കത്തിയത്.
കേരളത്തിൽ ഇന്നെവരെ നടന്ന സകല തിരഞ്ഞെടുപ്പുകളിലും വ്യാപകമായി കള്ളവോട്ട് ചെയ്യിപ്പിക്കുന്ന... പരേതാത്മക്കളെ വരെ ബൂത്തിൽ എത്തിക്കുന്ന സിപിഎമ്മിന്,
ബിജെപിയുടെ വോട്ട് കൃത്രിമത്വത്തെ കുറിച്ച് സംസാരിക്കാൻ എങ്ങനെ ധൈര്യം വരും?!
മൗനം തന്നെയല്ലെ വിദ്വാന് ഭൂഷണം.
"പട്ടണപ്രവേശം" എന്ന സിനിമയിൽ തിലകന്റെയും ശ്രീനിവാസന്റെയും സൈക്കിൾ യാത്രയാണ് ഓർമ്മവരുന്നത്..
"ചേട്ടന്റെയും എൻ്റെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു..."

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.