
ഇതാ 'വേദനിക്കുന്ന' കോടീശ്വരൻ- നെറ്റിയിൽ 175 കോടിയുടെ വജ്രം പതിപ്പിച്ച് അമേരിക്കൻ റാപ്പർ
text_fieldsആഡംബര ജീവിതവും വജ്രങ്ങളോടുള്ള അഭിനിവേശവും മൂലം ശ്രദ്ധേയനായ അമേരിക്കൻ ഗാനരചയിതാവും റാപ്പറുമായ ലിൽ ഉസി വെർട്ട് നെറ്റിയിൽ പതിപ്പിച്ചത് 24 ദശലക്ഷം ഡോളർ (ഏകദേശം 175 കോടി ഇന്ത്യൻ രൂപ) വിലയുള്ള വജ്രം. പിങ്ക് വജ്രക്കല്ല് നെറ്റിയിൽ വെച്ചുപിടിപ്പിച്ച ശേഷം ഇൻസ്റ്റഗ്രാമിൽ വെർട്ട് വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പാട്ടിന് താളം പിടിക്കുന്ന വിഡിയോയിൽ നെറ്റിയിലെ വജ്രം എടുത്തുകാണിക്കുന്നുണ്ടായിരുന്നു. വിഡിയോയുടെ കാപ്ഷനും ശ്രദ്ധേയമായി-'സൗന്ദര്യം വേദനയാണ്' എന്നായിരുന്നു ആ കാപ്ഷൻ.
ഈ വർഷം ജനുവരി 30ന് ഈ വജ്രത്തെക്കുറിച്ച ലിൽ ഉസി വെർട്ട് എന്നറിയപ്പെടുന്ന സൈമർ ബൈസിൽ വുഡ്സ് ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതൽ പണം നൽകികൊണ്ടിരിക്കുകയാണെന്നായിരുന്നു ആ ട്വീറ്റ്. ആഡംബര ജ്വല്ലറി ബ്രാൻഡായ എല്ലിയറ്റിൽ നിന്നാണ് ഈ വജ്രമെന്നും ട്വീറ്റിൽ ഉണ്ടായിരുന്നു.
വജ്രം വെച്ചുപിടിപ്പിച്ച ശേഷമുള്ള ചില ചിത്രങ്ങളിൽ വെർട്ടിന്‍റെ നെറ്റിയിൽ ചോര പൊടിഞ്ഞിരിക്കുന്നതും കാണാം. എംടിവി മ്യൂസിക് വിഡിയോ അവാർഡ് ജേതാവായ വെർട്ടിന്‍റെ ആഡംബര ജീവിതം മുൻപും വാർത്തയായിട്ടുണ്ട്. എന്നാൽ ഇത്തവണ അൽപം അതിരുകടന്നുപോയെന്ന വിമർശനം ഉന്നയിച്ചവരുമുണ്ട്.
26കാരനായ വെർട്ടിന്‍റെ പ്രവൃത്തിക്കെതിരെ ട്രോളുകളും വിമർശനങ്ങളും ശക്തമാണ്. എന്നാൽ ഇതൊന്നും വെർട്ട് കാര്യമായെടുക്കുന്നില്ല. ഈ വജ്രം ഉപയോഗിച്ച് മോതിരം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് വെര്‍ട്ട് നൽകിയ മറുപടി ഇതാണ്- 'മോതിരം നഷ്ടമായാൽ നെറ്റിയിൽ ഇത് പതിപ്പിച്ചതിനേക്കാള്‍ കൂടുതൽ കളിയാക്കൽ ഉണ്ടാകും'.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.