സാരിത്തുമ്പ് ട്രെയിനിൽ കെട്ടിയിട്ട് ബോളിവുഡ് സ്റ്റൈലിൽ നൃത്തം; യുവതിയുടെ റീൽസ് ചിത്രീകരണത്തിന് വ്യാപക വിമർശനം
text_fieldsന്യൂഡൽഹി: നിർത്തിയിട്ട ട്രെയിനിന്റെ എൻജിനിൽ സാരിയുടെ തുമ്പ് കെട്ടിയ ശേഷം റെയിൽപാളത്തിൽ നൃത്തം ചെയ്ത് യുവതി. റീൽസ് ചിത്രീകരിക്കാനായി ബോളിവുഡ് സിനിമകളിലെ ട്രെയിൻ രംഗത്തിന് സമാനമായ രീതിയിലാണ് യുവതി നൃത്തം ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നു. ‘ദി നളന്ദ ഇൻഡക്സ്’ എന്ന അക്കൗണ്ടിലാണ് വിഡിയോ എക്സിൽ പങ്കുവെച്ചത്. റെയിൽപാളത്തിൽ നിർത്തിയിട്ട ട്രെയിനിന് മുന്നിൽ നിൽക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. സാരിത്തുമ്പിന്റെ ഒരറ്റം ട്രെയിനിന്റെ എൻജിനിൽ കെട്ടിയശേഷം യുവതി മുന്നിലേക്ക് നീങ്ങി നൃത്തം ചെയ്യുകയായിരുന്നു.
സൺഗ്ലാസ് ധരിച്ച യുവതി പാട്ടിനൊപ്പം ചുണ്ടനക്കുകയും അതിശയോക്തി കലർന്ന മുഖഭാവങ്ങളോടെ നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെ പലതവണ ട്രെയിനിന് നേരെ കൈചൂണ്ടുകയും ചെയ്തു. ബോളിവുഡ് സിനിമകളിൽ കാണുന്ന പ്രണയരംഗം റീലിനായി പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു യുവതിയുടേത്. ലൈക്കുകളും കാഴ്ചക്കാരും നേടുന്നതിനായി ആളുകൾ എന്തെല്ലാം ചെയ്യുന്നു എന്നതിനെ വിമർശിച്ചുകൊണ്ടാണ് എക്സിൽ വിഡിയോ പ്രചരിച്ചത്. കുറച്ച് ലൈക്കുകൾക്കും വ്യൂസിനുമായി ആളുകൾ സ്വന്തം വിവേകവും ഉത്തരവാദിത്തബോധവും പോലും അപകടത്തിലാക്കുകയാണെന്നായിരുന്നു പോസ്റ്റിലെ പരാമർശം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത്തരത്തിൽ റീൽ ചിത്രീകരിക്കുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി.
റെയിൽവേ പരിസരങ്ങൾ റീലുകൾക്കും നൃത്തങ്ങൾക്കും സ്റ്റണ്ടുകൾക്കുമായി ഉപയോഗിക്കുന്ന പ്രവണതയെക്കുറിച്ചും വിഡിയോ ചർച്ചകൾക്ക് വഴിവെച്ചു. റെയിൽപാളത്തിൽ അനധികൃതമായി പ്രവേശിക്കുന്നതും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതും ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച കൃത്യമായ തീയതിയും സമയവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

