Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഇവർ എവിടുത്തുകാർ?...

‘ഇവർ എവിടുത്തുകാർ? അറിയുന്നവർ പറയണം; പിണറായി സർക്കാർ ഇവർക്ക് വീടുനൽകിയിട്ടില്ല’ -വയനാട്ടിലെ മാതൃകാവീട് വിഡിയോക്കെതിരെ സി.പി.എം നേതാവ് അനിൽകുമാർ; എ.​ഐ ആണെന്ന് ഓർമിപ്പിച്ച് നെറ്റിസൺസ്

text_fields
bookmark_border
‘ഇവർ എവിടുത്തുകാർ? അറിയുന്നവർ പറയണം; പിണറായി സർക്കാർ ഇവർക്ക് വീടുനൽകിയിട്ടില്ല’ -വയനാട്ടിലെ മാതൃകാവീട് വിഡിയോക്കെതിരെ സി.പി.എം നേതാവ് അനിൽകുമാർ; എ.​ഐ ആണെന്ന് ഓർമിപ്പിച്ച് നെറ്റിസൺസ്
cancel

കോട്ടയം: വയനാട് പുനരധിവാസ ​ടൗൺഷിപ്പിൽ നിർമാണം പൂർത്തിയായ മാതൃകാവീട് ഉപയോഗിച്ച് നിർമിച്ച എ.​ഐ വിഡിയോയിലുള്ളവർ യാഥാർഥ്യമാണെന്ന് തെറ്റിദ്ധരിച്ച് വിമർശനവുമാമയി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽ കുമാർ. ഇവർ എവിടുത്തുകാരാണെന്ന് അറിയുന്നവർ പറയണമെന്നും പിണറായി സർക്കാർ ഇവർക്ക് വിടുനൽകിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

‘ഇവർ വ്യാജമാണു് പറയുന്നത്. ചിത്രത്തിൽ കാണുന്ന വീട് ഇവർക്കായി നൽകിയ വീടല്ല. അതിനു് 30 ലക്ഷം ചിലവായി എന്ന് ഇവർ ഒരു വീഡിയോയിൽ പറയുന്നത് കേട്ടു. അത് നുണ. വയനാട്ടിൽ ഒരു മാതൃകാ വിടു മാത്രമാണ് നിർമിച്ചിട്ടുള്ളത്. 30 ലക്ഷം ചിലവായെന്നും ചെറിയ വീടാണെന്നും പറയുന്ന ഇവർ എവിടുത്തുകാർ: അറിയുന്നവർ പറയണം .. ഇവർക്ക് കേരള സർക്കാർ നൽകാത്ത വിട് കിട്ടിയെന്നു കളവ് പറയുന്ന കനഗോലു വിഡിയോ ഉണ്ട് ..’ -അനിൽകുമാർ പറയുന്നു.

വിവരസാങ്കേതികവിദ്യയിൽ അറിവില്ലാത്ത ഏറ്റവും സാധാരണക്കാരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിർമ്മിച്ച വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നതാണ് ഇതെന്ന് നെറ്റിസൺസ് ഇതിന് കമന്റ് ചെയ്തു. ‘കണ്ടിട്ട് യഥാർഥ ആളുകളാണെന്ന് തോന്നുന്നില്ല. എ.ഐ പണിയായിരിക്കും. പക്ഷേ എ.ഐ തിരിച്ചറിയാതെ സംസ്ഥാന കമ്മറ്റി അംഗം പോസ്റ്റിട്ടതിന് പിണറായി രാജിവെക്കണമെന്ന് അവറ്റകൾ പറയുമോ?’ -എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘എ.ഐ ആണ് സാറേ, വിട്ട് കള’ എന്ന് മറ്റൊരു കമന്റുമുണ്ട്.

അതേസമയം, വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തൻ വെള്ളാനയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. ഒരു വർഷമായിട്ടും മാതൃകാ വീടിന്റെ നിർമാണം പോലും പൂർത്തിയായിട്ടില്ല. ഏറ്റവും മുന്തിയ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചാലും 15 ലക്ഷം രൂപയ്ക്ക് അനായാസം തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടർ വിളിക്കാതെയാണ് നൽകിയത്. സർക്കാറിന് പൂർണ ഉടമസ്ഥതയുള്ളതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും വിധിയെഴുതിയ തോട്ടഭൂമി കോടികൾ പ്രതിഫലം നൽകി ഏറ്റെടുത്തത് അഴിമതിയല്ലാതെ മറ്റെന്താണ്? പ്രതിപക്ഷ നേതാവ് ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ ഭീമമായ തുകയിൽ 200 കോടി നീക്കി വെച്ചത് മുണ്ടക്കൈ-ചൂരൽ മല പ്രദശത്തേ റോഡ് നിർമാണത്തിനും ചൂരൽമല ടൗൺ പുനരുജ്ജീവനത്തിനുമാണ്. ദുരന്തശേഷം മനുഷ്യരൊന്നും കാര്യമായി അധിവസിക്കാത്തതോ ഒഴിഞ്ഞു പോകാൻ മുറവിളികൂട്ടുന്നതോ ആയ പ്രദേശത്തുകൂടെ റോഡുകൾ നിർമിക്കാൻ ഊരാളുങ്കലിന്ന് ടെണ്ടറില്ലാതെ കരാർ കൊടുത്തത് റിസോർട്ടുകാരെയും ഊരാളുങ്കലിനെയും ഒന്നിച്ചു സഹായിക്കാനുള്ള ദുഷ്ടലാക്കിലാണ്.

വലിയ മറ്റൊരു തുക മാറ്റി വെച്ചത് പുന്നപ്പുഴ പുനരുജ്ജീവനം എന്ന പേരിലാണ്. അതി ഭയാനകയായ മണ്ണിടിച്ചിലിന് ശേഷം ലക്ഷക്കണക്കിന് ടൺ മണ്ണും പാറയും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള മണ്ടൻ തീരുമാനത്തെ പ്രതിപക്ഷകക്ഷികളോ സ്ഥലം എം.എൽ.എയോ എം.പിയോ ചോദ്യം ചെയ്യാത്തത് അർഥഗർഭമാണ്. പതിനായിരക്കണക്കിന് ഘന മീറ്റർ പാറയിലാണ് ഇവരുടെ കണ്ണ്. ദുരന്തഭൂമിയിലേയും പടവെട്ടിക്കുന്നിലെയും റാട്ടപ്പാടിയിലെയും മുണ്ടക്കെ പാടിയിലെയും മറ്റും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെക്കുറിച്ച് ആർക്കും ഒരു വേവലാതിയുമില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊഴുകിയ 800 ഓളം കോടിയുടെ മുക്കാൽ പങ്കും അഴിമതിയിൽ പുന്നപ്പുഴയിലൂടെ ഒലിച്ചു പോയി. ദുരിത ബാധിതരായവർക്ക് ഒരു കോടി രൂപ വെച്ച് പണമായി നൽകിയാൽ പോലും ഇരകൾ എന്നേ രക്ഷപ്പെട്ടേനെ. അവർ ജീവിതം കരുപ്പിടിപ്പിച്ചേനെ. ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ‘ലോകോത്തര പുനരധിവാസം’ എന്ന് ഉദ്ഘോഷിക്കപ്പെട്ട ഇരകളുടെ പുനരധിവാസം മറ്റൊരു ദുരന്തമായി നാടിനെ വേട്ടയാടുകയാണിപ്പോഴും. ദുരന്ത ശേഷം സർക്കാർ തിരക്കിട്ട് നിയമിച്ച ജോൺ മത്തായി കമ്മിറ്റി അപഹാസ്യവും അസംബന്ധവുമായ ശിപാർശകളാണ് സമറപ്പിച്ചതെന്നും പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

അനിൽകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം:

പിണറായി സർക്കാർ ഇവർക്ക് വിടുനൽകിയിട്ടില്ല.

ഇവർ വ്യാജമാണു് പറയുന്നത്.

ചിത്രത്തിൽ കാണുന്ന വീട് ഇവർക്കായി നൽകിയ വീടല്ല. അതിനു് 30 ലക്ഷം ചിലവായി എന്നു് ഇവർ ഒരു വീഡിയോയിൽ പറയുന്നത് കേട്ടു.അത് നുണ:

വയനാട്ടിൽ ഒരു മാതൃകാ വിടു മാത്രമാണു് നിർമ്മിച്ചിട്ടുള്ളത്:

അതിനു് 30 ലക്ഷം ചിലവായിട്ടില്ല. പെയിൻ്റിംഗ് മാത്രമല്ല, ഫർണിഷിംഗ് നടന്നിട്ടില്ല.

അത്തരമൊരു വീടിനു് എത്ര ചിലവായിയെന്ന കണക്ക് സർക്കാർ പറയട്ടെ. അതിനു് മുമ്പ് അതിനു് 30 ലക്ഷം ചിലവായിയെന്നും ചെറിയ വീടാണെന്നും പറയുന്ന ഇവർ എവിടുത്തുകാർ: അറിയുന്നവർ പറയണം .. ഇവർക്ക് കേരള സർക്കാർ

നൽകാത്ത വിട് കിട്ടിയെന്നു കളവ് പറയുന്ന കനഗോ ലു വീഡിയോ ഉണ്ട് ..

കോൺഗ്രസ്സുകാർ വീടു നിർമ്മിച്ചില്ല കിട്ടിയ കാശ് കൊണ്ട് വ്യാജ വീഡിയോ നിർമ്മാണം തുടങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideCPMK Anil KumarAI Video
News Summary - Wayanad landslide: CPM leader K Anil Kumar against AI video
Next Story