അഞ്ച് പതിറ്റാണ്ടിന്റെ ‘സന്തോഷം’; ഓർമകളിൽ വീണ്ടും പന്തുരുണ്ടു
text_fieldsകേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടി തന്ന ടീമിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ അബ്ദുൽ ഹമീദ്, മിത്രൻ, വിക്ടർ മഞ്ഞില, ഇട്ടിമാത്യു, സേവ്യർ പയസ്, ജി. രവീന്ദ്രൻ നായ ർ, ബ്ലെസി ജോർജ്, പ്രസന്നൻ, കെ.പി. വില്യംസ് എന്നിവർ
മലപ്പുറം: 1973 ഡിസംബർ ഏഴ് കേരളം കണ്ട ഏറ്റവും വലിയ ‘സന്തോഷ‘ദിനമാണ്. അന്നാണ് നമ്മൾ ആദ്യമായി സന്തോഷ് ട്രോഫി കിരീടം ചൂടുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിന്റെ ഫുട്ബാൾ ഓർമകളിൽ ഇന്നും നിത്യയൗവനമാണ് ആ നാളുകൾക്ക്. 50 വർഷങ്ങൾക്ക് മുമ്പ് 50,000ത്തിലധികം കാണികൾ തിങ്ങിനിറഞ്ഞ മഹാരാജാസ് മൈതാനത്ത് ശക്തരായ റെയിൽവേയ്സിനെ തറ പറ്റിച്ചാണ് കേരളം ആദ്യ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. മുന്‍ ഇന്ത്യന്‍ താരം സൈമണ്‍ സുന്ദര്‍രാജിന്റെ തന്ത്രങ്ങളിലൂടെയാണ് അന്ന് കേരളം അഭിമാനനേട്ടം വലയിലാക്കിയത്.
അന്നത്തെ 26 അംഗ ടീമിൽ 12 പേർ ഈ ലോകത്തോട് വിട പറഞ്ഞു. ബാക്കി വരുന്ന 14 താരങ്ങൾ ഇന്നും കേരളത്തിന്റെ ഫുട്ബാൾ ചരിത്രത്തിന്റെ ഓർമകൾക്കൊപ്പം ജീവിക്കുന്നുണ്ട്. അതിൽ ഒമ്പത്പേർ കഴിഞ്ഞദിവസം കായിക വകുപ്പിന്റെ അനുമോദനം ഏറ്റുവാങ്ങാൻ മലപ്പുറത്ത് എത്തി. ഇതിനിടെ മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിൽ ത്രസിപ്പിക്കുന്ന ആ ഓർമകൾ അവർ വീണ്ടും അയവിറക്കി. വിക്ടർ മഞ്ഞില, ജി. രവീന്ദ്രൻ നായർ, ഇട്ടി മാത്യു, മിത്രൻ, പി.പി. പ്രസന്നൻ, അബ്ദുൽ ഹമീദ്, ബ്ലാസി ജോർജ്, കെ.പി. വില്യംസ്, സേവ്യർ പയസ് എന്നിവരാണ് മലപ്പുറത്തിന്റെ മണ്ണിലെത്തി സന്തോഷ ഓർമകൾ പങ്കുവെച്ചത്.
മനം തുറന്ന സന്തോഷം
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ആ സന്തോഷ് ട്രോഫി ടീമിൽ ഉൾപ്പെട്ടതെന്ന് ഒരോ താരങ്ങളും പറഞ്ഞുതുടങ്ങി. കളിക്കാനിറങ്ങുമ്പോൾ അതൊരു വലിയ ചരിത്രമായി മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അന്നത്തെ മുന്നേറ്റ താരമായിരുന്ന സേവ്യർ പയസ് പറയുന്നു. അന്ന് ഞങ്ങൾ ടൂർണമെന്റിലെ ഒട്ടും ഫേവറിറ്റുകൾ അല്ലായിരുന്നു. മറ്റ് ചാമ്പ്യൻ ടീമുകളോട് പൊരുതി മുന്നേറിയാണ് കിരീടം ചൂടിയതെന്നും സേവ്യർ പറഞ്ഞു. യാദൃശ്ചികമായാണ് താൻ കേരള ടീമിലെ ഗോളിയായതെന്ന് ഗോൾകീപ്പർ ജി. രവീന്ദ്രൻ നായർ ഓർത്തെടുത്തു. ഫുട്ബാളിന് വേണ്ടി ജീവിതം സമർപ്പിച്ചവരാണ് അന്നത്തെ താരങ്ങളെന്നും കിരീട നേട്ടം ഏറ്റവും വലിയ കരുത്തായിരുന്നുവെന്നും മധ്യനിര താരമായിരുന്ന പി. അബ്ദുൽ ഹമീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

