അപർണാ ബാലനും ശ്രീശങ്കറിനും ജി.വി. രാജ അവാർഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാർഡിന് വനിത വിഭാഗത്തിൽ അന്താരാഷ്ട്ര ബാഡ്മിന്‍റൺ താരം അപർണ ബാലനും പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര അത്ലറ്റ് എം. ശ്രീശങ്കറും അർഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് പ്രമുഖ ഫുട്ബാൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
മികച്ച കായിക പരിശീലകനുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ പുരസ്കാരം നീന്തൽ പരിശീലകൻ പി.എസ്. വിനോദിനാണ്. ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളജിനുള്ള പുരസ്കാരം പാലാ അൽഫോൺസ കോളജിനാണ്. 50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2016, 2018 വർഷങ്ങളിൽ ഏഷ്യൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നേട്ടങ്ങളാണ് അപർണ ബാലനെ ജി.വി. രാജ അവാർഡിന് അർഹയാക്കിയത്. 2018ൽ ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ്, 2021ലെ ടോക്യോ ഒളിമ്പിക്സ്, 2022ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീശങ്കർ 2022ലെ കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ വെള്ളി മെഡൽ നേടി.
ഒട്ടേറെ അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിരുന്ന ചാത്തുണ്ണി 1979 മുതൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ചുമായിരുന്നു. 2019 മുതൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പുകളിൽ ദേശീയ-സംസ്ഥാന വാട്ടർപോളോ ടീമുകളുടെ പരിശീലകനായിരുന്നു പി.എസ്. വിനോദ്. അത്ലറ്റിക്സ്, ബാസ്കറ്റ് ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ക്രോസ് കൺട്രി, നീന്തൽ, ഖോഖോ, വെയ്റ്റ്ലിഫ്റ്റിങ്, നെറ്റ്ബാൾ, തൈക്വാൻഡോ എന്നീ ഇനങ്ങളിൽ ഇന്‍റർകൊളീജിയറ്റ് തലത്തിൽ നേടിയ നേട്ടങ്ങളാണ് അൽഫോൺസ കോളജിനെ പുരസ്കാരത്തിന് അർഹമാക്കിയത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലി, സെക്രട്ടറി എ. ലീന എന്നിവർ വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.