കിങ് സെൻ! ലക്ഷ്യ ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 ഫൈനലിൽ
text_fieldsലക്ഷ്യ സെൻ
ബെർലിൻ: ഒരു പോയന്റ് അകലെ കളി കൈവിടുമെന്ന ഘട്ടത്തിൽ സ്വപ്നങ്ങളിൽ മാത്രം സാധ്യമായ തിരിച്ചുവരവുമായി ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് ഇന്ത്യയുടെ സൂപ്പർ താരം ലക്ഷ്യ സെൻ. ആദ്യ സെറ്റ് വലിയ പോരാട്ടങ്ങളില്ലാതെ എതിരാളി പിടിക്കുകയും രണ്ടാം സെറ്റിലും തോൽവി മുന്നിൽ കാണുകയും ചെയ്തിടത്തുനിന്നാണ് സമാനതകളില്ലാത്ത കരുത്തും കളിയഴകുമായി താരം ലോക ആറാം നമ്പർ താരം ചോ ടിയൻ ചെന്നിനെ മറിച്ചിട്ട് സിഡ്നിയിൽ അത്ഭുതങ്ങളുടെ രാജകുമാരനായത്. സ്കോർ 17-21, 24-22, 21-16.
2021ലെ ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവായ ലക്ഷ്യക്കെതിരെ ആധികാരികമായാണ് ചൈനീസ് താരം തുടങ്ങിയത്. കൃത്യമായി പോയന്റ് ഉയർത്തി കുതിച്ച ചോ ടിയൻ ഏറെ പ്രയാസപ്പെടാതെ നാല് പോയന്റ് വ്യത്യാസത്തിൽ ഒന്നാം സെറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 11-6ലും പിന്നീട് 14-7നും ലീഡ് പിടിച്ചായിരുന്നു രണ്ടാം സീഡിന്റെ കുതിപ്പ്. 19-14ൽ നിൽക്കെ 44 ഷോട്ട് നീണ്ട റാലിയും കണ്ടു. രണ്ടാം സെറ്റിൽ പക്ഷേ, ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. എന്നാൽ, 7-4ന് മുന്നിലെത്തിയ തായ്‍വാൻ താരം സെറ്റും കളിയും പിടിക്കുമെന്ന ആധി ഉയർത്തിയെങ്കിലും 11-9ന് തിരിച്ചെത്തി ലക്ഷ്യ വരാനുള്ളതിന്റെ സൂചന നൽകി.
കൊണ്ടും കൊടുത്തും ആവേശം പരകോടിയിൽ നിന്ന ഗെയിം 20-20ലെത്തിയ ശേഷം ഒന്നിലേറെ തവണ തായ്‍വാൻ താരം മുന്നിൽ കയറിയെങ്കിലും 24-22ന് ലക്ഷ്യ പിടിച്ചു.
കളി ഇതിനകം ഒരു മണിക്കൂർ പിന്നിട്ടതിന്റെ ക്ഷീണം അലട്ടിയ 35കാരനായ ചോ ടിയനെ നിലംതൊടീക്കാതെയാണ് നിർണായകമായ മൂന്നാം സെറ്റ് ലക്ഷ്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 6-1ന് മുന്നിൽനിന്ന താരം 10-5നും 14-7നും 17-9നും ലീഡ് നിലനിർത്തി. അവസാന പോയന്റിലേക്ക് കാത്തുനിൽപ് കൂട്ടി തുടർച്ചയായ നാല് പോയന്റ് എതിരാളി നേടിയെങ്കിലും ക്ഷമയോടെ കാത്തുനിന്ന ലക്ഷ്യ 86 മിനിറ്റിൽ ജയം ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

