ചാമ്പ്യൻ സെൻ! ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 കിരീടം ലക്ഷ്യ സെന്നിന്
text_fieldsആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 കിരീടവുമായി ലക്ഷ്യ സെൻ
സിഡ്നി: സെമിയിൽ കണ്ട വീര്യം അതേ ഊർജത്തോടെ തുടർന്ന് ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 കിരീടത്തിൽ മുത്തമിട്ട് ലക്ഷ്യ സെന്നിന്റെ സിഡ്നി ഷോ. കഴിഞ്ഞ ദിവസം ലോക ആറാം നമ്പറുകാരനെ വീഴ്ത്തി കലാശപ്പോരിനെത്തിയ താരം ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യപ്പടാത്ത യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് 2025ലെ ആദ്യ കിരീടം സ്വന്തമാക്കിയത്. സ്കോർ 21-15, 21-11.
പാരിസ് ഒളിമ്പിക്സിൽ നാലാമതെത്തിയശേഷം പരിക്കിൽ വലഞ്ഞ് കിരീടങ്ങളില്ലാതെ പിറകിൽനിന്നതായിരുന്നു ടൂർണമെന്റിലെത്തുമ്പോൾ ലക്ഷ്യയും ലക്ഷ്യയുടെ സ്വപ്നങ്ങളും. എന്നാൽ, ലോക 14ാം നമ്പറുകാരൻ തന്റെ പതിവ് ചെറുത്തുനിൽപ്പും ആക്രമണവും ഒരിക്കലൂടെ ആവനാഴിയിൽ നിറച്ചാണ് എത്തിയതെന്ന് ആസ്ട്രേലിയൻ ഓപണിലെ ആദ്യ കളി മുതൽ ലോകം കണ്ടു. സെമിയിൽ എതിരാളി കടുത്തപ്പോൾ ആദ്യം മുട്ടിടിച്ചെന്ന് തോന്നിച്ചെങ്കിലും തോൽവിക്ക് ഒരു പോയന്റ് അകലെ ഉജ്ജ്വലമായി തിരിച്ചുവന്ന് വരാനിരിക്കുന്നതിന്റെ സൂചന നൽകി. ഒന്നര മണിക്കൂറെടുത്തായിരുന്നു ചൗ ടിയനെതിരെ ലക്ഷ്യയുടെ വീരോചിത തിരിച്ചുവരവ്.
ആക്രമണത്തിനൊപ്പം ബുദ്ധിപൂർവമായ ടച്ചുകളുമായി കളംനിറഞ്ഞ താരം ഫൈനലിൽ പക്ഷേ, എതിരാളിയെ നിലംതൊടാൻ വിട്ടില്ല. സീഡ് ചെയ്യപ്പെടാതെ ഫൈനൽ വരെയെത്തിയ തനാക ഒരു ഘട്ടത്തിലും ഭീഷണി ഉയർത്തിയുമില്ല. ഈ സീസണിൽ രണ്ടു ടൂർണമെന്റുകളിൽ കപ്പുയർത്തിയ ജപ്പാൻ താരം ലക്ഷ്യയുടെ മികവിന് മുന്നിൽ ഉടനീളം വിയർത്തു. ഷോട്ടുകളിലും ഡ്രോപ്പുകളിലും ലക്ഷ്യ ബഹുദൂരം മുന്നിൽനിന്നു. ആദ്യ സെറ്റിന്റെ തുടക്കം മുതൽ ഒരു ഘട്ടത്തിലും എതിരാളിയെ ഒപ്പം പിടിക്കാൻ ലക്ഷ്യ അനുവദിച്ചില്ല. 6-3ന് തുടങ്ങിയശേഷം ഒരു ഘട്ടത്തിൽ 9-7ന് തനാക അകലം കുറച്ചെങ്കിലും തുടർച്ചയായ പോയന്റുകളുമായി ലക്ഷ്യയുടെ കുതിപ്പായിരുന്നു പിന്നീട്. അതിനിടെ, ആവേശം തീർത്ത ഗാലറി ഉറക്കെ ആർപ്പുവിളിച്ചപ്പോൾ താരത്തിന്റെ റാക്കറ്റിനും ഇരട്ടി വീര്യമായി.
ഡ്രോപ്പുകളിൽ എതിരാളിയുടെ മികവ് തിരിച്ചറിഞ്ഞ് കോർട്ടിന്റെ എല്ലാ വശങ്ങളിലേക്കും പായിക്കുകയും മുഴുനീള ഡൈവിങ്ങുമായി അസാധ്യമെന്ന് തോന്നിക്കുന്ന സ്മാഷും ഡ്രോപും പിടിച്ചെടുക്കുകയും ചെയ്തുള്ള കളി ദൃശ്യ വിരുന്നായി. അപൂർവം ഘട്ടങ്ങളിൽ തിരിച്ചുവരവിനായി ജപ്പാൻ താരം നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങൾ കളി കനപ്പിച്ചെങ്കിലും അനായാസം സെറ്റ് പിടിച്ച ലക്ഷ്യ നയം വ്യക്തമാക്കി. രണ്ടാം സെറ്റിൽ പക്ഷേ, എതിരാളിക്ക് അതിന് പോലും അവസരം നൽകാതെയായിരുന്നു ഇന്ത്യൻ സൂപ്പർ താരത്തിന്റെ തേരോട്ടം. 10-5നും 13-6നും മുന്നിൽനിന്നശേഷം 19-8ന് ജയത്തിനരികെയെത്തിയതോടെ ഗാലറിയും ലക്ഷ്യയും കിരീടമുറപ്പിച്ച നിമിഷങ്ങളായി.
2023ൽ കാനഡ ഓപൺ സൂപ്പർ 500 കിരീടം പിടിച്ചശേഷം ലക്ഷ്യക്ക് ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഒരു കിരീടം സ്വന്തമാകുന്നത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ സയിദ് മോദി ഇന്റർനാഷനൽ സൂപ്പർ 300 കിരീടം ചൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

