സൂപ്പർ ലീഗ് കേരള; കോഴിക്കോട്- കണ്ണൂർ സെമി ഇന്ന്
text_fieldsകോഴിക്കോട്: ഫൈനൽ മോഹം പെയ്യിച്ച് സൂപ്പര്‍ ലീഗ് കേരള ആദ്യ സെമി ഫൈനലില്‍ പോയന്റ് നിലയിൽ ഒന്നാമതുള്ള കാലിക്കറ്റ് എഫ്.സിയും നാലാമതുള്ള കണ്ണൂർ വാരിയേഴ്സും ഏറ്റുമുട്ടും. ഞായറാഴ്ച രാത്രി 7.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയന്റാണ് ലീഗ് റൗണ്ടിൽ സ്വന്തമാക്കിയത്. മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി 13 പോയന്റ് നേടി കണ്ണൂർ യോദ്ധാക്കൾ.
അവസാന മത്സരം തൃശൂര്‍ മാജിക്കിനെതിരെ ജയിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂരിന്റെ വരവ്. നല്ല ഫോമിലുള്ള കാലിക്കറ്റിനെ തളക്കൽ അത്ര എളുപ്പമല്ലെങ്കിലും തൃശൂരിനെതിരെയുള്ള മത്സരത്തില്‍ ഗോളവസരം സൃഷ്ടിക്കുന്നതിലെ മികവ് നിലനിർത്താനാണ് ടീം അധ്വാനിക്കുക. കരുത്തരായ കാലിക്കറ്റിന്റെ മുഹമ്മദ് അജ്‌സല്‍, കെ. പ്രശാന്ത്, മുഹമ്മദ് റോഷല്‍ എന്നിവർ നയിക്കുന്ന അറ്റാക്കിങ് നിരയെ എതിരിടൽ കടുത്ത വെല്ലുവിളിയാണ്. ഫിനിഷിങ്ങിലെ പോരായ്മ പരിഹരിച്ചാകും വാരിയേഴ്സിന്റെ സെമി പ്രകടനം.
പരിക്ക് ടീമിനെ അലട്ടുന്നതും തലവേദനയാണ്. സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ദിനേറോ, മധ്യനിര താരം എണസ്റ്റീന്‍ ലവ്‌സാംബ, പ്രതിരോധതാരങ്ങളായ നിക്കോളാസ്, ഷിബിന്‍ ഷാദ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. നിക്കോളാസും ലവ്‌സംബയും പരിക്ക് മാറി സെമിഫൈനല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. നിര്‍ണായക സമയങ്ങളില്‍ ആക്രമണത്തിന് മൂർച്ചകൂട്ടാന്‍ മുഹമ്മദ് സിനാനും അസിയര്‍ ഗോമസുമുണ്ട്. കരുത്തായി പരിചയസമ്പന്നന്‍ കീന്‍ ലൂയിസും. കാലിക്കറ്റിന്റെ അജ്‌സല്‍ 10 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോള്‍ നേടി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. കൂട്ടിന് പ്രശാന്തും സെബാസ്റ്റ്യന്‍ റിന്‍കണും ഉണ്ട്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ബോവാസോക്കും പ്രതിരോധ താരം അജയ് അലക്‌സിനും പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

