ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു? വജ്രമോതിരത്തിന്‍റെ ചിത്രം പങ്കുവെച്ച് പങ്കാളി ജോർജിന
text_fieldsഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു. പങ്കാളി ജോർജിന റോഡ്രിഗസാണ് വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അത് സംഭവിച്ചു, ഈ ജീവിതത്തിലും ഇനിയുള്ളതിലും എന്ന അടിക്കുറിപ്പോടെയാണ് ജോർജിന വിരലിൽ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കുവെച്ചത്. എന്നാൽ വിവാഹത്തെ കുറിച്ച് ക്രിസ്റ്റ്യാനോ ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
'ഏറ്റവും ഉചിതമായ സമയത്താകും വിവാഹമുണ്ടാവുക, ഞാനും ജോർജിനയും വിവാഹിതരാകുമെന്ന് എനിക്ക് 1000 ശതമാനം ഉറപ്പാണ്. എപ്പോൾ വേണമെങ്കിലും സംഭവിക്കാം...' എന്ന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഒൻപത് വർഷമായി ഇരുവരും പ്രണയത്തിലാണ്. 2016ലാണ് ഗുച്ചി സ്റ്റോറിൽ ജോലി ചെയ്തിരുന്ന ജോർജിനയെ റൊണാൾഡോ കാണുന്നത്. 2017ലാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.
സ്പാനിഷ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ജോർജിന. നെറ്റ്ഫ്ലിക്സിൽ ‘അയാം ജോർജിന’ എന്ന തന്‍റെ റിയാലിറ്റി ഷോയിലും വിവാഹവുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു. റൊണാൾഡോയുടെ അഞ്ച് മക്കളിൽ രണ്ടുപേർ ജോർജിനയുടെയും റൊണാൾഡോയുടെയുമാണ്. അൽ നസ്ർ ഫുട്ബോൾ ടീം അംഗമായ റൊണാൾഡോ കുടുംബത്തോടെ നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്. ജോർജിനയുടെ ജന്മദിനത്തിൽ റൊണാൾഡോ പങ്കുവെച്ച പോസ്റ്റ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഉണ്ടാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.