അഫ്ഗാനെ ലോകകപ്പിലെത്തിച്ച് റാഷിദ് മാജിക്; അയർലൻഡിനെതിരെ ആവേശ ജയം
text_fieldsബെൽഫാസ്റ്റ്: അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ 2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. സ്റ്റാർ ഓൾറൗണ്ടർ റാഷിദ് ഖാന്റെ മികവിലാണ് അഫ്ഗാൻ ജയം പിടിച്ചെടുത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 2-0ത്തിന് മുന്നിലെത്തി. മഴ മൂലം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഈ കുതിപ്പോടെ രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് വീണ്ടും വെട്ടിലായി. ഐ.സി.സി റാങ്കിങ്ങിലെ തിരിച്ചടിയെത്തുടർന്ന് വിൻഡീസിന് ഇത്തവണയും നേരിട്ട് യോഗ്യത നേടാനായില്ല. ഇനി ക്വാളിഫയർ റൗണ്ട് പോരാട്ടങ്ങൾ ജയിച്ചാൽ മാത്രമേ അവർക്ക് ലോകകപ്പ് ടിക്കറ്റ് ലഭ്യമാകൂ.
ബെൽഫാസ്റ്റിൽ ടോസ് നേടി പന്തയം തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ, അയർലൻഡിനെ 46.3 ഓവറിൽ 206 റൺസിന് പുറത്താക്കുകയായിരുന്നു. അഫ്ഗാന് വേണ്ടി അള്ളാഹ് ഗസൻഫറും (3/29) റാഷിദ് ഖാനും (3/44) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തിൽ 89 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയിലായ അയർലൻഡിനെ ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച ഗാവിൻ ഹോയ് (36), ജയ് മുന്ദ്ര (31) സഖ്യമാണ് 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് റഹ്മാനുല്ല ഗുർബാസ് (71) നല്ല തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി. രണ്ടിന് 97 എന്ന നിലയിൽ നിന്ന് ഏഴിന് 176 റൺസെന്ന നിലയിലേക്ക് അഫ്ഗാൻ പരാജയഭീതിയിലായി. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച റാഷിദ് ഖാനും (37*) യമീൻ അഹമ്മദ്സായിയും (4*) ചേർന്ന് 44.5 ഓവറിൽ ടീമിനെ വിജയതീരത്തെത്തിച്ചു. മത്സരത്തിലെ മികച്ച താരമായി റാഷിദ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ ഐ.സി.സി ഏകദിന റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തെത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ലോകകപ്പിലേക്ക് അഫ്ഗാനിസ്ഥാൻ യോഗ്യത ഉറപ്പിച്ചത്. ഇത് നാലാം തവണയാണ് അഫ്ഗാൻ ഏകദിന ലോകകപ്പിൽ കളിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് റാങ്കിങ് അടിസ്ഥാനത്തിൽ നേരിട്ട് യോഗ്യത നേടിയത്. ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്കയും സിംബാബ്വെയും ടൂർണമെന്റിലുണ്ട്.
അതേസമയം, റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിന് ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും സെപ്റ്റംബർ 30-ലെ കട്ട് ഓഫ് തീയതിക്ക് മുൻപ് റാങ്കിങ്ങിൽ കാര്യമായ മുന്നേറ്റം സാധ്യമല്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ക്വാളിഫയർ റൗണ്ട് കളിച്ചെങ്കിലും വിൻഡീസിന് പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത നേടാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

