Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിക്സർ മഴയിൽ കൊച്ചിയെ...

സിക്സർ മഴയിൽ കൊച്ചിയെ മുക്കി ആലപ്പി; 7 ഓവർ പോരാട്ടത്തിൽ റിപ്പിൾസിന് വെടിക്കെട്ട് ജയം

text_fields
bookmark_border
സിക്സർ മഴയിൽ കൊച്ചിയെ മുക്കി ആലപ്പി; 7 ഓവർ പോരാട്ടത്തിൽ റിപ്പിൾസിന് വെടിക്കെട്ട് ജയം
cancel

തിരുവനന്തപുരം: മഴയെ തുടർന്ന് ഏഴ് ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്. 74 റൺസിനായിരുന്നു ആലപ്പിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ടീമിന് ഉജ്ജ്വല വിജയമൊരുക്കിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആലപ്പി റിപ്പിൾസ് ഏഴ് ഓവറിൽ 125/1, കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് ഏഴ് ഓവറിൽ 51/9

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയുടെ ബാറ്റർമാർ സ്ഫോടനാത്മക രീതിയിലാണ് ബാറ്റ് വീശിയത്. മുഹമ്മദ് അസറുദ്ദീനൊപ്പം ഓപ്പൺ ചെയ്ത ആകാശ് പിള്ള ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സർ കൂടി നേടിയ ആകാശ് പിള്ള 13 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 28 റൺസാണ് നേടിയത്. മറുവശത്ത് മുഹമ്മദ് അസറുദ്ദീൻ കൂടി തകർത്തടിച്ചതോടെ റിപ്പിൾസിന്റെ ഇന്നിങ്സ് കുതിച്ചു പാഞ്ഞു. 3.2 ഓവറിൽ ആലപ്പിയുടെ ഇന്നിങ്സ് അൻപതിലെത്തി.

അഞ്ചാം ഓവറിനൊടുവിൽ ആകാശ് പിള്ളയെ പിൻവലിച്ച് സിബിൻ ഗിരീഷിനെ ഇറക്കാനുള്ള തീരുമാനവും റിപ്പിൾസിന് ഗുണകരമായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് സിബിൻ ഗിരീഷ് തുടങ്ങിയത്. മറുവശത്ത് അസറുദ്ദീൻ രണ്ട് സിക്സ് കൂടി നേടിയതോടെ ആറാം ഓവറിൽ 22 റൺസ് പിറന്നു. ഇതിനിടയിൽ 21 പന്തിൽ നിന്നും അസറുദ്ദീൻ തന്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. അവസാന ഓവർ സാക്ഷ്യം വഹിച്ചത് കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബാറ്റിങ് പ്രകടനത്തിനാണ്. മുഹമ്മദ് ആഷിഖ് എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തും സിക്സർ പറത്തിയ സിബിൻ വൈഡടക്കം 32 റൺസാണ് കൂട്ടിച്ചേർത്തത്. എട്ട് പന്തുകളിൽ നിന്ന് ആറ് സിക്സറടക്കം 37 റൺസുമായി സിബിൻ പുറത്താകാതെ നിന്നു. അസറുദ്ദീൻ 54 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ ആരാധകർ കണ്ടത് ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ചയാണ്. ആദ്യ പന്തിൽ തന്നെ വിനൂപ് മനോഹരനെ നഷ്ടമായ കൊച്ചിയ്ക്ക് ആ ഓവറിൽ തന്നെ സച്ചിൻ സുരേഷിന്റെയും അനന്തു കൃഷ്ണന്റെയും വിക്കറ്റുകൾ കൂടി നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ജോബിൻ ജോബിയുടെ വിക്കറ്റ് കൂടി നഷ്ടമായതോടെ ഒരു റണ്ണിന് നാല് വിക്കറ്റെന്ന നിലയിലായിരുന്നു കൊച്ചി. സിബിൻ ഗിരീഷ് എറിഞ്ഞ അടുത്ത ഓവറിൽ കൊച്ചിക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. കാർത്തിക് ബി നായരും മുഹമ്മദ് ആഷിഖും കൂടി പൂജ്യത്തിന് പുറത്തായതോടെ കൊച്ചി ബാറ്റിങ് നിരയിലെ ആറ് ബാറ്റർമാരാണ് അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. ഇവരിൽ മൂന്ന് പേർ നേരിട്ട ആദ്യ പന്തിൽ തന്നെയാണ് പുറത്തായത്.

22 റൺസെടുത്ത് ടോപ് സ്കോററായ മനുകൃഷ്ണൻ മാത്രമാണ് കൊച്ചിയുടെ നിരയിൽ രണ്ടക്കം കടന്നത്. കൊച്ചിയുടെ ഇന്നിങ്സ് ഏഴോവറിൽ ഒൻപത് വിക്കറ്റിന് 51 റൺസെന്ന നിലയിൽ അവസാനിച്ചു. രണ്ട് ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഖിൽ ദേവാണ് ആലപ്പിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്. സിബിൻ ഗിരീഷ് മൂന്നും അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricket leaguekclKochi Blue TigersAlleppey Ripples
News Summary - Alleppey Ripples Crush Kochi Blue Tigers in KCL Match
Next Story