ആന്ദ്രേ റസ്സൽ വിരമിക്കുന്നു; ക്രിക്കറ്റിലെ കരുത്തനായ ഓൾറൗണ്ടറാണ് വിടവാങ്ങുന്നത്
text_fieldsrepresentation image
ലണ്ടൻ: കരുത്താർന്ന കായബലം കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങളിൽ വന്യതയുടെ കൊടുങ്കാറ്റായിരുന്ന വെസ്റ്റിൻഡീസ് താരം ആന്ദ്രെ ഡ്വയ്ൻ റസ്സൽ എന്ന ആന്ദ്രേ റസ്സൽ വിരമിക്കൽ പ്രഖ്യാപിച്ചു. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ കൂടി കളിച്ച് കളമൊഴിയുമെന്നാണ് പ്രഖ്യാപനം. ട്വന്റി20 എന്ന കുട്ടി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിൽപ്പെടുന്ന റസൽ, അടുത്ത ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വദേശമായ ജമൈക്കയിലെ സബീന പാർക്കിലാകും റസലിന്റെ വിടവാങ്ങൽ മത്സരം.

കരീബിയന്‍ ദ്വീപിലെ അടുത്ത തലമുറക്ക് മാതൃകയായി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും റസല്‍ പറഞ്ഞു.2012, 2016 വർഷങ്ങളിൽ ട്വന്റ20 ലോകകപ്പ് ജയിച്ച ടീമുകളിൽ അംഗമായിരുന്നു റസൽ. 2019 മുതൽ വെസ്റ്റിൻഡീസ് ജഴ്സിയിൽ ട്വന്റി20 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരമാണ് മുപ്പത്തേഴുകാരനായ റസ്സൽ. വെസ്റ്റിൻഡീസിനായി ഇതുവരെ 84 ട്വന്റി20 മത്സരങ്ങൾ കളിച്ചു. ഇതിനു പുറമെ ഒരു ടെസ്റ്റും 56 ഏകദിനങ്ങളുമാണ് റസലിന്റെ രാജ്യാന്തര കരിയറിലുള്ളത്.84 ട്വന്റി20 മത്സരങ്ങളിൽനിന്ന് 22 ശരാശരിയിൽ 1078 റൺസാണ് റസലിന്റെ സമ്പാദ്യം.
71 റൺസാണ് ഉയർന്ന സ്കോർ. ഇത് ഉൾപ്പെടെ മൂന്ന് അർധസെഞ്ചറികളാണ് റസൽ നേടിയത്. ഇത്രയും മത്സരങ്ങളിൽനിന്ന് 71 വിക്കറ്റും വീഴ്ത്തി. 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. കളിച്ച ഒരേയൊരു ടെസ്റ്റിൽ രണ്ടു റൺസും ഒരു വിക്കറ്റും നേടി. 56 ഏകദിനങ്ങളിൽനിന്ന് നാല് അർധസെഞ്ചറികൾ ഉൾപ്പെടെ 1034 റൺസും 70 വിക്കറ്റുമാണ് സമ്പാദ്യം.
‘‘എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് വിൻഡീസ് ജഴ്സിയിൽ കളിക്കാനായത്. ക്രിക്കറ്റിൽ ഈ നിലയിലെത്താനാകുമെന്ന് കുട്ടിക്കാലത്തൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. എന്നാൽ കായികരംഗത്തേക്കിറങ്ങി അതിനായി പൂർണമായി സമർപ്പിക്കുമ്പോഴാണ് നമുക്ക് എന്തൊക്കെ നേടിയെടുക്കാനാവുമെന്ന് മനസ്സിലാകുക’ – റസ്സൽ പറഞ്ഞു.
നിക്കോളാസ് പുരാനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ താരമാണ് ആന്ദ്രെ റസ്സൽ. അടുത്ത ട്വന്റി20 ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കെ, വിൻഡീസ് സിലക്ടർമാരെ സംബന്ധിച്ചും റസലിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.