കൊടുങ്കാറ്റായി ഒമർസായി, റെക്കോഡ്; അഫ്ഗാനെതിരെ ഹോങ്കോങ്ങിന് 189 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോങ്ങിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.
ഓപ്പണർ സെദിഖുല്ല അതാലിന്‍റെയും ഓൾ റൗണ്ടർ അസ്മത്തുല്ല ഒമർസായിയുടെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ അഫ്ഗാൻ നായകൻ റാഷിദ് ഖാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെദിഖുല്ല 52 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 73 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒമർസായി 21 പന്തിൽ 53 റൺസെടുത്തു. അഞ്ചു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 20 പന്തിലാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്.
ട്വന്‍റി20 ക്രിക്കറ്റിൽ ഒരു അഫ്ഗാൻ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. 26 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് ലോക ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ ഒന്ന് പതറിയെങ്കിലും മൂന്നാം വിക്കറ്റിൽ സെദിഖുല്ലയും മുഹമ്മദ് നബിയും ചേർന്ന് ടീമിനെ കരകയറ്റി. 51 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്. 26 പന്തിൽ 33 റൺസെടുത്ത നബിയെ കിൻചിത് ഷാ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ഗുൽബാദിൻ നെയ്ബ് (എട്ടു പന്തിൽ അഞ്ച്) പെട്ടെന്ന് മടങ്ങി. ഒമർസായിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് അഫ്ഗാൻ സ്കോറിങ് വേഗത്തിലാക്കിയത്.
അഞ്ചാം വിക്കറ്റിൽ സെദിഖുല്ലയും ഒമർസായിയും ചേർന്ന് 82 റൺസാണ് അടിച്ചെടുത്തത്. മൂന്നു പന്തിൽ രണ്ടു റൺസെടുത്ത കരീം ജനത്താണ് പുറത്തായ മറ്റൊരു താരം. ഒരു പന്തിൽ മൂന്നു റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നു. അവസാന 10 ഓവറിൽ 111 റൺസാണ് അഫ്ഗാൻ നേടിയത്. ഫീൽഡിങ്ങിലെ പിഴവുകൾ ഹോങ്കോങ്ങിന് തിരിച്ചടിയായി.
സെദിഖുല്ലയുടെ രണ്ടു ക്യാച്ചുകളും ഒമർസായിയുടെ ഒരു ക്യാച്ചും ഹോങ്കോങ് താരങ്ങൾ വിട്ടുകളഞ്ഞു. ഹോങ്കോങ്ങിനായി ആയുഷ് ശുക്ലയും ഷായും രണ്ടു വിക്കറ്റ് വീതം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.