ഏഷ്യകപ്പ് 2025; ഇന്ത്യ-പാക് മത്സര ടിക്കറ്റ് പാക്കേജിന് 475 ദിർഹം
text_fieldsദുബൈ: ഏഷ്യകപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്‍റിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പുതിയ പാക്കേജ്. 475 ദിർഹമിന്‍റെ പാക്കേജിൽ ഇന്ത്യ-പാക് മൽസരം കൂടാതെ പാകിസ്താൻ-ഒമാൻ, ഇന്ത്യ-യു.എ.ഇ മൽസരങ്ങളും കാണാവുന്നതാണ്. ഇതിന് പുറമെ 525 ദിർഹമിന്‍റെ രണ്ട് പാക്കേജുകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പാക്കേജിൽ മുന്ന് സൂപ്പർ ഫോർ മൽസരങ്ങളും മറ്റൊന്നിൽ രണ്ട് സൂപ്പർ ഫോർ മൽസരങ്ങളും ഫൈനലുമാണ് അടങ്ങിയിടുള്ളത്. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കിയത്. സാധാരണ അബൂദബിയിൽ നടക്കുന്ന മൽസരങ്ങൾക്ക് 40ദിർഹമും ദുബൈയിൽ നടക്കുന്ന മൽസരങ്ങൾക്ക് 50ദിർഹമും മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൽസരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഏഴ് മൽസരങ്ങൾക്കുള്ള 1400ദിർഹമിന്‍റെ പാക്കേജ് ടിക്കറ്റാണ് പ്രഖ്യാപിച്ചിരുന്നത്.
നേരത്തെ മൽസരങ്ങളുടെ വേദിയും സമയക്രമവും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിരുനു. സെപ്റ്റംബർ 9മുതൽ 28വരെ അരങ്ങേറുന്ന മൽസരങ്ങളിൽ 11എണ്ണം ദുബൈയിലും എട്ടെണ്ണം അബൂദബിയിലുമാണ് അരങ്ങേറുന്നത്. ആകെ 19മൽസരങ്ങളിൽ സെപ്റ്റംബർ 15ന് അരങ്ങേറുന്ന യു.എ.ഇ-ഒമാൻ മൽസരമൊഴികെയുള്ളവ വൈകുന്നേരം 6.30നാണ് ആരംഭിക്കുക.
യു.എ.ഇ-ഒമാൻ മൽസരം വൈകുന്നേരം 4ന് ആരംഭിക്കും. സെപ്റ്റംബർ 9ലെ ആദ്യ മൽസരം അബൂദബിയിൽ അഫ്ഗാനിസ്താനും ഹോങ്ഗോങും തമ്മിലാണ്. രണ്ടാം ദിവസം സെപ്റ്റംബർ 10നാണ് ഇന്ത്യയുടെ ആദ്യ മൽസരം. യു.എ.ഇയുമായി നടക്കുന്ന മൽസരത്തിന് ദുബൈയാണ് വേദിയാകുന്നത്. ഇന്ത്യ-പാകിസ്താൻ മൽസരം സെപ്റ്റംബർ 14ന് ദുബൈയിലാണ് അരങ്ങേറുന്നത്.
വരും ദിവസങ്ങളിൽ ദുബൈ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെയും അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ടിക്കറ്റ് ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.