ഏഷ്യ കപ്പ്: അഫ്ഗാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം
text_fieldsലാഹോർ: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ബംഗ്ലാദേശിന് 89 റൺസ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശുകാർ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് അടിച്ചുകൂട്ടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 44.3 ഓവറിൽ 245 റൺസിന് പുറത്താവുകയായിരുന്നു.
ഓപണർ മെഹ്ദി ഹസൻ മിറാസിന്റെയും (119 പന്തിൽ 112) നജ്മുൽ ഹുസൈൻ ഷാന്റോയുടെയും (105 പന്തിൽ 104) സെഞ്ച്വറികളാണ് ബംഗ്ലാദേശിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മുഹമ്മദ് നായിം (28), തൗഹീദ് ഹ്രിദോയ് (പൂജ്യം), മുസ്തഫിഖുർ റഹിം (25), ഷാകിബ് അൽ ഹസൻ (പുറത്താകാതെ 32), ഷമീം ഹുസൈൻ (11), അഫീഫ് ഹുസൈൻ (പുറത്താവാതെ നാല്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ബംഗ്ലാദേശിന്റെ മൂന്ന് ബാറ്റർമാർ റണ്ണൗട്ടായപ്പോൾ മുജീബുർ റഹ്മാൻ, ഗുൽബദിൽ നായിബ് എന്നിവർ ഓരോ വിക്കറ്റ് നേടി.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തിലേ ഓപണർ റഹ്മത്തുല്ല ഗുർബാസിന്റെ വിക്കറ്റ് നഷ്ടമായി. സഹ ഓപണർ ഇബ്രാഹിം സദ്റാൻ (74 പന്തിൽ 75), റഹ്മത്ത് ഷാ (33), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദി (51) എന്നിവർ പൊരുതിയെങ്കിലും തുടർന്നെത്തിയവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. നജീബുല്ല സദ്റാൻ (17), മുഹമ്മദ് നബി (മൂന്ന്), ഗുൽബദിൻ നായിബ് (15), കരിം ജനത്ത് (ഒന്ന്), റാഷിദ് ഖാൻ (24), മുജീബുർ റഹ്മാൻ (നാല്), ഫസൽ ഹഖ് ഫാറൂഖി (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ബംഗ്ലാദേശിനായി ടസ്കിൻ അഹ്മദ് നാലും ഷോറിഫുൽ ഇസ്‍ലാം മൂന്നും വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മൂദ്, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.