മർഹബൻ ഏഷ്യാ; ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്ന് യു.എ.ഇയിൽ തുടക്കം
text_fieldsദുബൈ: വൻകരയിലെ ക്രിക്കറ്റ് സുൽത്താന്മാരെ തീരുമാനിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് ചൊവ്വാഴ്ച മുതൽ യു.എ.ഇയിലെ ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിൽ നടക്കും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ഐ.സി.സി ടൂർണമെന്റുകൾപോലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം സമ്മാനിക്കാറുണ്ട്. ഇക്കുറി ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും അയൽക്കാരായ പാകിസ്താനും ശ്രീലങ്കയുമടക്കം പ്രമുഖ ടീമുകൾ കിരീടം തേടിയിറങ്ങും. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് അബൂദബി ശെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ഹോങ്കോങ്ങും ഏറ്റുമുട്ടും.
ഇന്ത്യയും പാകിസ്താനും ഗ്രൂപ് എയിലാണ്. ബുധനാഴ്ച ആതിഥേയരായ യു.എ.ഇക്കെതിരെ സൂര്യകുമാർ യാദവും സംഘവും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ കളിക്കിറങ്ങും. കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം സെപ്റ്റംബർ 14ന് ദുബൈയിൽ നടക്കും.
കഴിഞ്ഞ തവണ (2023) ഏകദിന ഫോർമാറ്റിലായിരുന്നു. അന്ന് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോൽപിച്ച് രോഹിത് ശർമയുടെ ടീം കിരീടം നേടി. ഇന്ന് ദുർബലരായ ഹോങ്കോങ്ങിനെ നേരിടാനിറങ്ങുന്ന അഫ്ഗാൻ അന്താരാഷ്ട്ര തലത്തിൽത്തന്നെ അട്ടിമറി വീരന്മാരായി പേരെടുത്ത ടീമാണ്. ശ്രീലങ്കയും ബംഗ്ലാദേശും കൂടി ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽനിന്ന് മുന്നേറി സൂപ്പർ ഫോർസിലെത്താമെന്ന പ്രതീക്ഷയിലാണ് റാഷിദ് ഖാനും സംഘവും. യാസിർ മുർത്താസയുടെ നേതൃത്വത്തിലാണ് ഹോങ്കോങ് ഇറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.