വെറ്ററൻ ഓസീസ് Vs ബാസ്ബാൾ ഇംഗ്ലണ്ട്; ആഷസിൽ ഇനി കളിയുത്സവം
text_fieldsപെർത്ത്: ഏഴാഴ്ച നീളുന്ന ക്രിക്കറ്റിലെ ഏറ്റവും പഴക്കമുള്ള പോരിന് പെർത്ത് കളിമുറ്റം ആവേശത്തിന്റെ പാഡുകെട്ടുന്നു. ഓസീസ് ‘വയസ്സൻ പട’യും ഇംഗ്ലീഷ് ബാസ്ബാൾ യുവനിരയും മുഖാമുഖം നിൽക്കുന്ന കളിയുത്സവത്തിന്റെ ടിക്കറ്റുകൾ എന്നേ വിറ്റുതീർന്നു. പരിക്ക് ടീമുകളെ ഉലക്കുന്നതിനിടെയും കരുത്ത് തെളിയിച്ച പുതുനിരയുടെ ബലത്തിൽ സന്ദർശകരായ ഇംഗ്ലീഷ് സംഘത്തിനാണ് പ്രതീക്ഷയുടെ ഭാരം കൂടുതൽ.
കഴിഞ്ഞ മൂന്ന് പരമ്പരകളിലും ആഷസ് സ്വന്തമാക്കുകയെന്ന സ്വപ്നം സഫലമാക്കാനാവാത്തവർക്ക് ഇത്തവണ പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും താങ്ങാനാകില്ല. എന്നാൽ, പ്രതീക്ഷകളേറെ വെച്ച് നാലു വർഷം മുമ്പ് കംഗാരു മണ്ണിലെത്തിയ ഇംഗ്ലണ്ട് 4-0ന് തോറ്റ് മടങ്ങിയതാണ് ചരിത്രം. ഇംഗ്ലണ്ട് അവസാനമായി ഓസീസ് മണ്ണിൽ കളിച്ച 15 ടെസ്റ്റിൽ ഒന്നു പോലും ജയിച്ചിട്ടില്ല. 13 എണ്ണത്തിലാണ് തോറ്റത്.
കളിക്ക് വേഗം കൂടിയ സമീപകാലത്ത് ടെസ്റ്റിൽ സമനിലകൾ കുറവായതിനാൽ അഞ്ചിൽ മൂന്നും ജയിക്കുകയെന്ന വലിയ ദൗത്യം സന്ദർശകർക്ക് തീർച്ചയായും വെല്ലുവിളിയാകും. മറുവശത്ത്, 2023ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസിൽ സമനില പിടിച്ച ശേഷം ആസ്ട്രേലിയ കളിച്ച 18 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചവരാണ്. എന്നാൽ, അവസാനമായി സ്വന്തം മണ്ണിൽ നടന്ന ആറ് പരമ്പരകളും സ്വന്തമാക്കിയിട്ടുമുണ്ട്.
ഓസീസ് നിരയിൽ പാറ്റ് കമിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ കളിക്കില്ല. എന്നാൽ, മിച്ചെൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ 400 വിക്കറ്റ് നേട്ടമെന്ന റെക്കോഡ് സ്വന്തമായുള്ളവരാണ്. രണ്ട് വർഷം മുമ്പ് അവസാന ആഷസിൽ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് തുടങ്ങിയ ആസ്ട്രേലിയ പിന്നീട് രണ്ടും തോറ്റ് സമനില വഴങ്ങിയിരുന്നു. അവസാന ടെസ്റ്റ് മഴയെടുത്തില്ലായിരുന്നെങ്കിൽ പരമ്പര നഷ്ടവും അനിവാര്യതയായിരുന്നു.
സാധ്യത ടീമുകൾ
ആസ്ട്രേലിയ: ജാക്ക് വെതറാൾഡ്, ഉസ്മാൻ ഖ്വാജ, മാർനസ് ലാബുഷെയിൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ബ്രെൻഡൻ ഡോഗെറ്റ്, സ്കോട്ട് ബൊളാൻഡ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഓലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ബ്രൈഡൺ കാർസെ, ഗസ് അറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ, മാർക്ക് വുഡ്, ശുഐബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

