ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ആറുവിക്കറ്റ് ജയം; പരമ്പര 1-1
text_fieldsമുംബൈ: ഏകദിനത്തിലെ പരമ്പരനഷ്ടം ട്വന്റി20യിൽ തീർക്കാനിറങ്ങിയ ഇന്ത്യക്ക് കാത്തിരിക്കണം. രണ്ടാം ട്വന്റി20 മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ആതിഥേയ പെൺപട ഉയർത്തിയ ചെറിയ ടോട്ടൽ അനായാസം മറികടന്ന് ഓസീസ്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1ആയി. സ്കോർ. ഇന്ത്യ: 130/8, ആസ്ട്രേലിയ: 19 ഓവറിൽ 133/4.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ നിരയിൽ ഒരാൾ പോലും അർധ സെഞ്ച്വറി നേടാതെ പതറിയപ്പോൾ സ്കോർ എട്ടു വിക്കറ്റിൽ 130ലൊതുങ്ങി. കഴിഞ്ഞ കളിയിൽ അത്യുജ്ജ്വല പ്രകടനവുമായി നിറഞ്ഞാടിയ ഷഫാലി വർമ ഒറ്റ റണ്ണുമായി നേരത്തേ മടങ്ങിയ ഇന്ത്യൻ ഇന്നിങ്സിൽ മധ്യനിര താരം ദീപ്തി ശർമ മാത്രമാണ് തിളങ്ങിയത്. 27 പന്ത് നേരിട്ട് ദീപ്തി 31 റൺസ് കുറിച്ചപ്പോൾ സ്മൃതി മന്ദാന, റിച്ച ഘോഷ് എന്നിവർ 23 റൺസുമായി തിരിച്ചുകയറി. എന്നും പ്രതീക്ഷയായി നിലയുറപ്പിക്കാറുള്ള ജമീമ റോഡ്രിഗസ് 13ൽ പുറത്തായപ്പോൾ മറ്റുള്ളവരും കാര്യമായ പിന്തുണ നൽകിയില്ല. പവർേപ്ല ഓവറുകളിൽ ശരാശരി 10 റണ്ണുമായി തുടക്കം ഗംഭീരമാക്കിയശേഷമായിരുന്നു ഇന്ത്യൻ തകർച്ച.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരിക്കൽകൂടി രണ്ടക്കം കടക്കാതെ മടങ്ങിയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക ഉയർത്തി. ബാറ്റിങ്ങിലും അതുകഴിഞ്ഞ് ബൗളിങ്ങിലും തിളങ്ങിയ ദീപ്തി ശർമ 1000 റൺസും 50 വിക്കറ്റും പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതയായി. രണ്ട് ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുനൽകിയായിരുന്നു രണ്ടു വിക്കറ്റ് നേട്ടം. ഓസീസ് ബൗളിങ്ങിൽ കിം ഗാർത്, അന്നബെൽ സുതർലാൻഡ്, ജോർജിയ വെയർഹാം എന്നിവർ രണ്ടു വിക്കറ്റുമായി നിറഞ്ഞുനിന്നപ്പോൾ ആഷ് ലീഗ് ഗാർഡ്നർ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ പിടിച്ചുനിന്ന് കളിച്ച ഓസീസ് വർധിത വീര്യവുമായാണ് ഇന്നിങ്സ് തുടങ്ങിയത്. ഓപണർമാരായ അലീസ ഹീലിയും ബെത് മൂണിയും മികച്ച തുടക്കം നൽകിയ ശേഷം ചെറിയ ഇടർച്ചയുണ്ടായെങ്കിലും മധ്യനിരയിൽ എലീസ് പെസ്‍യും ലിച്ച്ഫീൽഡും ചേർന്ന് അനായാസം ലക്ഷ്യം കണ്ടു.
ബാറ്റിങ്ങിലെന്നപോലെ ബൗളിങ്ങും പതറിയപ്പോൾ എല്ലാം സന്ദർശകർ പ്രതീക്ഷിച്ച വഴിയിലായി. ഇരു ടീമും തുല്യത പാലിച്ചതോടെ മുന്നാം ട്വന്റി20 നിർണായകമാകും. ആദ്യ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയം പിടിച്ചിരുന്നു. നേരത്തെ ഏകദിന പരമ്പര ഓസീസ് 3-0ന് തൂത്തുവാരുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.