കോഹ്‍ലിയും രോഹിത്തും ഏകദിനത്തിൽ തുടരുമോ ? മറുപടി നൽകി ബി.സി.സി.ഐ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത്ത് ശർമ്മയും ഏകദിനത്തിൽ തുടരുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകി ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ലോർഡ്സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിരാട് കോഹ്‍ലിയും രോഹിത്ത് ശർമ്മയും സ്വമേധയയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുകാര്യത്തിൽ വ്യക്തത വരുത്താൻ താൻ ആഗ്രഹിക്കുകയാണ്. വിരമിക്കാനുള്ള ഒരു ക്രിക്കറ്റ് താരത്തിന്റേയും തീരുമാനത്തിൽ ബി.സി.സി.ഐ ഇടപെടില്ല. അത് സംഘടനയുടെ നയമാണ്. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ഏകദിന മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും ഇരുവരേയും ഇതിഹാസതാരങ്ങളായാണ് സംഘടന പരിഗണിക്കുന്നതെന്നും ശുക്ല വ്യക്തമാക്കി.
ഐ.പി.എല്ലിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ടെസ്റ്റ് മത്സരങ്ങളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ട് താരങ്ങളും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇതിന് പിന്നാലെ ബി.സി.സി.ഐ ഇരുതാരങ്ങളേയും വിരമിക്കാൻ നിർബന്ധിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
വിരമിക്കലിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും സഹപരിശീലകൻ അജിത് അഗാർക്കറുമാണെന്നും ആരാധകർ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾക്കെല്ലാമാണ് ബി.സി.സി.ഐ വ്യക്തത വരുത്തിയിരിക്കുന്നത്.
67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് ശർമ്മ 40.57 ശരാശരിയിൽ 4,301 റൺസാണ് നേടിയത്. 123 ടെസ്റ്റുകളിലാണ് വിരാട് കോഹ്‍ലി കളിച്ചത്. 9,230 റൺസാണ് കോഹ്‍ലിയുടെ ടെസ്റ്റ് സമ്പാദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.