കളത്തിൽ കൊമ്പുകോർത്ത് ജദേജയും ഇംഗ്ലണ്ട് പേസറും, ഇടപെട്ട് സ്റ്റോക്സ്; നാടകീയ രംഗങ്ങൾ -വിഡിയോ
text_fieldsലണ്ടൻ: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. ഇംഗ്ലീഷ് പേസര്‍ ബ്രൈണ്ടന്‍ കാർസെയും രവീന്ദ്ര ജദേജയും കൂട്ടിയിടിച്ചത് വാക്കേറ്റത്തിനിടയാക്കി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തകർപ്പൻ ബൗളിങ്ങിലൂടെ ഇംഗ്ലീഷുകാർ തുടക്കത്തിലെ പ്രതിരോധത്തിലാക്കിയിരുന്നു. നാലിന് 58 എന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് കനത്ത പ്രഹരമാണ് ഇംഗ്ലണ്ട് നൽകിയത്. പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്ന കെ.എൽ. രാഹുലിനെയും ഋഷഭ് പന്തിനെയും വാഷിങ്ടണ്‍ സുന്ദറിനെയും പുറത്താക്കി ഇന്ത്യയെ പൂർണമായി ആതിഥേയർ സമ്മർദത്തിലാക്കി.
ഇതിനിടെ ക്രീസിൽ ചെറുത്തുനിന്ന രവീന്ദ്ര ജദേജയെയും നിതീഷ് കുമാര്‍ റെഡ്ഡിയേയും കടുത്ത വാക്കുകൾ ഉപയോഗിച്ച് പ്രകോപിപ്പിക്കാനും ഇംഗ്ലണ്ട് താരങ്ങൾ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് റണ്ണിനായി ഓടുന്നതിനിടെ ബൗളർ ബ്രൈഡൻ കാർസെയുമായി കൂട്ടിമുട്ടുന്നത്. ഇത് താരങ്ങള്‍ തമ്മില്‍ വാക്കുതർക്കത്തിന് കാരണമായി. 35ാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടക്കുന്നത്.
കാർസെ എറിഞ്ഞ ഓഫ് സൈഡിന് പുറത്തേക്കുള്ള ഒരു ഹാർഡ് ലെങ്ത് ഡെലിവറി ജദേജ ബേക്ക് വേർഡ് പോയന്‍റിലേക്ക് അടിച്ചതിനു പിന്നാലെ റണ്ണിനായി ഓടി. ബൗണ്ടറി ലൈനിലേക്ക് പോകുന്ന പന്ത് നോക്കിയാണ് ജദേജ റണ്ണിനായി ഓടിയത്. ഇതിനിടയിലാണ് കാർസെയുമായി കൂട്ടിമുട്ടുന്നത്.
കൂട്ടിയിടിച്ചതിനു പിന്നാലെ കാർസെ ജദേദയുടെ കഴുത്തിലും പിടിക്കുന്നുണ്ട്. ഡബ്ൾ ഓടി പൂർത്തിയാക്കിയശേഷം ജദേജ കാർസെയുടെ അടുത്തേക്ക് വന്നു രോഷാകുലനായി. കാർസെയും തിരിച്ചു പ്രതികരിച്ചത് വാക്കേറ്റത്തിനിടയാക്കി. ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അതേസമയം, ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇന്ത്യക്ക് ഇനിയും ജയിക്കൻ 31 റൺസ് വേണം. അർധ സെഞ്ച്വറിയുമായി ജദേജയും (158 പന്തിൽ 55) മുഹമ്മദ് സിറാജുമാണ് ക്രീസിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.