400-ാം ട്വന്‍റി20 മത്സരത്തിന് ധോണി; സൺറൈസേഴ്സിനെതിരെ ചെന്നൈ ആദ്യം ബാറ്റുചെയ്യും, പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യം
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായകമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. മുൻ ചാമ്പ്യന്മാരായ സൂപ്പർ കിങ്സിനും കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സൺറൈസേഴ്സ് ഹൈദരാബാദിനും ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന്‍റെ പ്ലേഓഫ് സാധ്യത മങ്ങും. എട്ട് മത്സരങ്ങൾ വീതം കളിച്ച ഇരു ടീമുകളും ഇതുവരെ ജയിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഇരു ടീമുകൾക്കും നാല് വീതം പോയിന്‍റാണുള്ളത്. പട്ടികയിൽ എസ്.ആർ.എച്ച് ഒമ്പതാമതും സി.എസ്.കെ പത്താം സ്ഥാനത്തുമാണ്.
സി.എസ്.കെ പ്ലേയിങ് ഇലവൻ: ഷെയ്‌ഖ് റഷീദ്, ആയുഷ് മഹാത്രെ, സാം കറൻ, രവീന്ദ്ര ജദേജ, ഡെവാൾഡ് ബ്രെവിസ്, 6 ശിവം ദുബെ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റൻ), 9 നൂർ അഹ്മദ്, ഖലീൽ അഹ്മദ്, മതീഷ പതിരന.
എസ്.ആർ.എച്ച് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ൻറിച്ച് ക്ലാസൻ, അനികേത് വർമ, കമിന്ദു മെൻഡിസ്, പാറ്റ് കമിൻസ്, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കത്, സീഷൻ അൻസാരി, മുഹമ്മദ് ഷമി.
ചെപ്പോക്കിൽ സി.എസ്.കെ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുമ്പോൾ ധോണി 400 ടി20 മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകും. രോഹിത് ശർമ (456 മത്സരങ്ങൾ), ദിനേഷ് കാർത്തിക് (412), വിരാട് കോഹ്‌ലി (407) എന്നിവരാണ് അദ്ദേഹത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 399 ട്വന്‍റി20 മത്സരങ്ങളിൽ 28 അർധ സെഞ്ച്വറികളടക്കം 7566 റൺസാണ് ധോണി നേടിയിട്ടുള്ളത്. ഐ.പി.എല്ലിൽ 272 മത്സരങ്ങളിൽനിന്ന് 137.87 സ്‌ട്രൈക്ക് റേറ്റിൽ 5,377 റൺസാണ് താരം നേടിയത്.
രോഹിത് ശർമക്കൊപ്പം അഞ്ച് ഐ.പി.എൽ ട്രോഫികൾ നേടിയ മറ്റൊരു ക്യാപ്റ്റൻ കൂടിയാണ് ധോണി. ഈ സീസണിൽ തുടർ തോൽവികൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്താകുന്നത്. ഇതോടെ വീണ്ടും നായക സ്ഥാനത്തേക്ക് 43കാരനായ ധോണി അവരോധിതനാകുകയായിരുന്നു. ക്യാപ്റ്റൻസി മാറിയെങ്കിലും ജയം സൂപ്പർ കിങ്സിൽനിന്ന് അകന്നുനിന്നു. എന്നാൽ 2010ലേതിനു സമാനമായി സി.എസ്.കെ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷ കഴിഞ്ഞ ദിവസം ടീം മാനേജ്മെന്റ് പങ്കവെച്ചിരുന്നു. ആരാധകരും ചെന്നൈയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.