സമഗ്രാധിപത്യം: അഞ്ചിൽ അഞ്ചും ജയിച്ച് പരമ്പര തൂത്തുവാരി ഓസീസ്, വിൻഡീസിന് വീണ്ടും തോൽവി
text_fieldsസെന്‍റ് കീറ്റ്സ്: വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽ ആസ്ട്രേലിയയുടെ സമഗ്രാധിപത്യം. അഞ്ച് മത്സര പരമ്പയിലെ അവസാന മത്സരത്തിലും ജയം സ്വന്തമാക്കിയ ഓസീസ്, പരമ്പര തൂത്തുവാരി. വിൻഡീസ് ഉയർത്തിയ 171 റൺസിന്‍റെ വിജയലക്ഷ്യം സന്ദർശകർ 17 ഓവറിൽ മറികടന്നു. മൂന്ന് വിക്കറ്റിനാണ് ആസ്ട്രലിയയുടെ വിജയം. ബെൻ ഡ്വാർഷുയിസ് കളിയിലെ താരവും കാമറൂൺ ഗ്രീൻ പരമ്പരയിലെ താരവുമായി. സ്കോർ: വെസ്റ്റിൻഡീസ് -19.4 ഓവറിൽ 170ന് പുറത്ത്, ആസ്ട്രേലിയ -17 ഓവറിൽ ഏഴിന് 173.
ഐ.സി.സി ഫുൾ മെമ്പറായ ഒരുടീം ആദ്യമായാണ് ടി20യിൽ 5-0 വൈറ്റ് വാഷ് നേരിടുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര 3-0ന് സ്വന്തമാക്കിയ ശേഷമാണ് ട്വന്‍റി20യിലും തോൽവി അറിയാതെ ആസ്ട്രേലിയ മുന്നേറിയത്. കരീബിയൻ സന്ദർശനത്തിൽ എട്ട് മത്സരങ്ങളിലും ആസ്ട്രേലിയൻ ടീം വിജയിച്ചു. എട്ട് മത്സരങ്ങളിലും ടോസ് ഭാഗ്യം ഓസീസിനായിരുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാ മത്സരത്തിലും ഓസീസ് ക്യാപ്റ്റൻ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഷിംറോൺ ഹെറ്റ്മെയർ (31 പന്തിൽ 52) ആതിഥേയ ബാറ്റിങ് നിരയിൽ ടോപ് സ്കോററായി. ഷെർഫാൻ റുഥർഫോഡ് (17 പന്തിൽ 35), ജേസൺ ഹോൾഡർ (15 പന്തിൽ 20) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. മികച്ച തുടക്കവും ഒടുക്കവും ലഭിക്കാതിരുന്നതോടെ വമ്പൻ സ്കോർ കണ്ടെത്താൻ വിൻഡീസിനായില്ല. ഓസീസിനായി ഡ്വാർഷുയിസ് മൂന്നും നേഥൻ എല്ലിസ് രണ്ടും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചു തുടങ്ങിയ ആസ്ട്രേലിയക്ക് സ്കോർ ബോർഡിൽ 25 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മധ്യനിരയിൽ കാമറൂൺ ഗ്രീൻ (18 പന്തിൽ 32), ടിം ഡേവിഡ് (12 പന്തിൽ 30), മിച്ചൽ ഓവൻ (17 പന്തിൽ 37), ആരോൺ ഹാർഡി (25 പന്തിൽ 28) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ എളുപ്പത്തിൽ ജയം പിടിക്കാനായി. വിൻഡീസിനായി അകീൽ ഹൊസൈൻ മൂന്ന് വിക്കറ്റ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.