ഒരു ദിനം ബാക്കി, ഇംഗ്ലണ്ടിന് മുന്നിൽ 35 റൺസ് ദൂരം മാത്രം, ഇന്ത്യക്ക് മുന്നിൽ നാല് വിക്കറ്റ്
text_fieldsലണ്ടൻ: അഞ്ചാം ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യ കുറിച്ചു നൽകിയ 374 റൺസ് വിജയ ലക്ഷ്യം കെന്നിങ്ടൺ ഓവലിലെ പിച്ചിൽ ഇംഗ്ലണ്ടിന് മറികടക്കുക ദുഷ്കരമായിരിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഹാരി ബ്രൂക്കും ജോ റൂട്ടും. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിക്കാനാണ് സാധ്യത. ഇന്ത്യക്ക് പരമ്പര 1-3ന് നഷ്ടമാവുകയും ചെയ്യും.
നാലാം ദിനം മത്സരത്തിന്റെ മൂന്നാം സെഷനിൽ മഴ മൂലം കളി നിർത്തിവെക്കുമ്പോൾ ഒരു ദിവസം പൂർണമായും ബാക്കിനിൽക്കെ ജയത്തിന് 35 റൺസ് മാത്രം അകലെയാണ് ആതിഥേയർ. സെഞ്ച്വറികളുമായി നാലാം മത്സരം വരുതിയിൽക്കൊണ്ടുവന്ന ശേഷം ബ്രൂക്കും റൂട്ടും പുറത്തായി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബ്രൂക് 98 പന്തിൽ 111 റൺസടിച്ചു. റൂട്ട് 105 റൺസും നേടി. നാലാം വിക്കറ്റിൽ ബ്രൂക്ക്-റൂട്ട് സഖ്യം അടിച്ചുകൂട്ടിയ 195 റൺസാണ് കളി ഇന്ത്യയിൽനിന്ന് തട്ടിയെടുത്തത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 339 റൺസിലെത്തിയിട്ടുണ്ട് ഇംഗ്ലീഷുകാർ. ജാമി സ്മിത്തും (2) ജാമി ഓവർട്ടനുമാണ് (0) ക്രീസിൽ. ഇന്ത്യക്കായി പേസർ പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.
ഒരു വിക്കറ്റിന് 50 റൺസെന്ന നിലയിലായിരുന്നു തലേന്ന് സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട്. 34 റൺസുമായി ബെൻ ഡക്കറ്റ് ക്രീസിലുണ്ടായിരുന്നു. നാലാം നാൾ രാവിലെ ഡക്കറ്റും ക്യാപ്റ്റൻ ഒലി പോപ്പും ഇന്നിങ്സ് പുനരാരംഭിച്ചു. അർധ ശതകം തികച്ചതിന് പിന്നാലെ ഡക്കറ്റ് വീണു. 83 പന്തിൽ 54 റൺസ് നേടിയ ഓപണറെ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു.
സ്കോർ രണ്ടിന് 82. ക്യാപ്റ്റൻ പോപ്പിന്റെ സംഭാവന 34 പന്തിൽ 27 റൺസായിരുന്നു. പേസർ മുഹമ്മദ് സിറാജിന്റെ പന്തിൽ പോപ്പ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇംഗ്ലണ്ട് മൂന്നിന് 106. ഇന്ത്യ കളി പിടിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ സംഗമിച്ച ബ്രൂക്ക്-റൂട്ട് സഖ്യം നിലയുറപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. ഇടക്ക് പ്രസിദ്ധിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച ബ്രൂക്കിന് സിറാജ് കൈപ്പിടിയിലൊതുക്കുമ്പോൾ ഫീൽഡറുടെ കാല് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നു. ഇതോടെ സിക്സും വഴങ്ങി. 39 പന്തിലായിരുന്നു ബ്രൂക്കിന്റെ അർധ ശതകം. ലഞ്ചിന് പിരിയുമ്പോൾ സ്കോർ മൂന്നിന് 164. ബ്രൂക്കും (62) റൂട്ടും (32) ക്രീസിൽ.
91 പന്തിൽ ബ്രൂക്കിന്റെ ശതകം പിറന്നു. സ്കോർ 300ഉം പിന്നിട്ടതോടെ ഇന്ത്യയുടെ പരാജയം ആസന്നമായിത്തുടങ്ങി. 14 ഫോറും രണ്ട് സിക്സുമടക്കമാണ് ബ്രൂക്ക് 111ലെത്തിയത്. ഒടുവിൽ പേസർ ആകാശ് ദീപിന്റെ പന്തിൽ സിറാജ് തന്നെ ക്യാച്ചെടുത്ത് കടം വീട്ടി. സ്കോർ നാലിന് 301. ചായക്ക് പിരിയുമ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 57 റൺസ് മാത്രം. 98 റൺസുമായി ജോ റൂട്ടും ഒരു റണ്ണെടുത്ത് ജേക്കബ് ബേത്തലുമാണ് ക്രീസിലുണ്ടായിരുന്നത്.
ഇടക്കൊന്ന് മഴ പെയ്തതിനാൽ കളി പുനരാരംഭിക്കുന്നത് ഏതാനും മിനിറ്റുകൾ വൈകി. വീണ്ടും തുടങ്ങിയപ്പോൾ റൂട്ട് ടെസ്റ്റ് കരിയറിലെ 39ാം ശതകം തികച്ചു. നേരിട്ട 137ാം പന്തിലായിരുന്നു ഇത്. തോൽവി ഉറപ്പിച്ച സമയത്തും പോരാട്ട വീര്യം കൈവിടാതിരുന്ന ഇന്ത്യൻ ബൗളർമാർ ചില ആവേശ നിമിഷങ്ങൾ സമ്മാനിച്ചു. ബേത്തലിനെ (5) പ്രസിദ്ധ് ബൗൾഡാക്കിയതോടെ അഞ്ചിന് 332. വൈകാതെ റൂട്ടും വീണു. പ്രസിദ്ധിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെ ഡൈവിങ് ക്യാച്ച്. 152 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു റൂട്ടിന്റെ 105. ആറാം വിക്കറ്റ് വീണത് 337ൽ. ക്രിസ് വോക്സിന് പരിക്കേറ്റതിനാൽ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് ജയം പിടിക്കാനാവുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.