റൂട്ടിന്റെ സെഞ്ച്വറി വിഫലം; അഫ്ഗാനോട് തോറ്റ് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പുറത്ത്
text_fieldsലാഹോർ: ഓപണർ ഇബ്രാഹീം സദ്റാന്റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന് പുറത്തേക്ക് വഴി തുറന്ന് അഫ്ഗാനിസ്താൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തപ്പോൾ ഇംഗ്ലീഷ് സ്കോർ 317 റൺസിലൊതുങ്ങി. 120 റൺസെടുത്ത ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തോട് അടുപ്പിച്ചെങ്കിലും എട്ടു റൺസകലെ എല്ലാവരും ആയുധം വെച്ച് കീഴടങ്ങി. അഞ്ച് വിക്കറ്റെടുത്ത അസ്മത്തുല്ല ഉമർസായിയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
146 പന്തിൽ ആറ് സിക്സും 12 ഫോറുകളും ഉൾപ്പെടെ 177 റൺസാണ് ഇബ്രാഹീം സദ്റാൻ അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഏകദിനത്തിൽ ഒരു അഫ്ഗാൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണിത്. നാല് ദിവസം മുൻപ് ഇംഗ്ലണ്ടിന്റെ ബെൻ ഡെക്കറ്റ് നേടിയ 165 റൺസാണ് സദ്റാൻ മറികടന്നത്.
മൂന്ന് വിക്കറ്റിന് 37 എന്ന നിലയിൽനിന്നാണ് അഫ്ഗാൻ 325 റൺസിലെത്തിയത്. നിലയുറപ്പിക്കും മുമ്പേ റഹ്മാനുല്ല ഗുർബാസ് (6), സതീഖുല്ല അതൽ (4), റഹ്മത്ത് ഷാ (4) എന്നിവർ മടങ്ങിയെങ്കിലും നായകൻ ഹഷ്മത്തുല്ല ഷാഹിദിയെ (40) കൂട്ടി സദ്റാൻ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. തുടർന്നെത്തിയ അസ്മത്തുല്ല ഉമർസായി (41), മുഹമ്മദ് നബി (40) എന്നിവർ മികച്ച പിന്തുണ നൽകിയതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും ടീമിനെ മാനക്കേടിൽനിന്ന് രക്ഷപ്പെടുത്താനായില്ല. 111 പന്തിൽ 120 റൺസെടുത്ത റൂട്ടിനെ അസ്മത്തുല്ല ഉമർസായി ഗുർബാസിന്റെ കൈകളിലെത്തിച്ചു. ഫിൽസാൾട്ട് (12), ബെൻ ഡെക്കറ്റ് (38) ജാമീ സ്മിത്ത് (9), ഹാരി ബ്രൂക്ക് (25), ജോസ് ബട്ട്ലർ (38), ലിയാം ലിവിങ്സ്റ്റൺ (10), ജാമീ ഓവർട്ടൺ (32) ജോഫ്ര ആർചർ (14), ആദിൽ റാഷി (5) എന്നിവരാണ് പുറത്തായത്. രണ്ടുറൺസുമായി മാർക്ക് വുഡ് പുറത്താവാതെ നിന്നു. അഫ്ഗാൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റെടുത്ത് അസ്മത്തുല്ല ഉമർസായി ആണ് ഇംഗ്ലീഷ് സ്വപ്നങ്ങളുടെ അന്തകനായത്. മുഹമ്മദ് നബി രണ്ടും റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി, ഗുൽബാദിൻ നെയ്ബ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.