ലോർഡ്സിലെ ത്രില്ലർ ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തേക്ക് വീണു
text_fieldsലണ്ടൻ: ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് 22 റൺസിന് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്‍റെ രണ്ടു പോയന്‍റ് വെട്ടിക്കുറച്ചു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ നടപടി.
ബെൻ സ്റ്റോക്സിനും സംഘത്തിനും മാച്ച് ഫീയുടെ 10 ശതമാനം പിഴയും ചുമത്തി. മാച്ച് റഫറി റിഷീ റിച്ചാഡ്സണാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. അനുവദിക്കപ്പെട്ട സമയവും കഴിഞ്ഞാണ് മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് ഓവർ പൂർത്തിയാക്കിയത്. ഐ.സി.സി പെരുമാറ്റച്ചട്ട പ്രകാരം വൈകിയെറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ചു ശതമാനമാണ് പിഴ ചുമത്തുക. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റിൽനിന്ന് ഓരോ പോയന്‍റ് വീതവും വെട്ടിക്കുറക്കും. ഇതോടെ മൊത്തം രണ്ടുപോയന്‍റാണ് ഇംഗ്ലണ്ടിന്‍റെ വെട്ടിക്കുറച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് വീണു -61.11 പോയന്‍റ് പേർസെന്‍റ്. 100 പോയന്‍റ് പേർസെന്‍റുമായി ആസ്ട്രേലിയ ഒന്നാമതാണ്.
കളിച്ച മൂന്നു ടെസ്റ്റുകളും ഓസീസ് ജയിച്ചു. ശ്രീലങ്കയാണ് (66.67) രണ്ടാമത്. ഇന്ത്യ നാലാം സ്ഥാനത്തും (33.33). ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഈമാസം 23ന് മാഞ്ചസ്റ്ററിലാണ്. ലോർഡ്സിൽ 193 റൺസ് പിന്തുടർന്ന ഇന്ത്യയെ 170 റൺസിന് ഇംഗ്ലണ്ട് പുറത്താക്കി. ജയത്തോടെ ആതിഥേയർ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (2-1). ഒന്നാം ഇന്നിങ്സിൽ ഇരുടീമുകളുടെയും സ്കോർ ഒപ്പത്തിനൊപ്പമായിരുന്നു -387 റൺസ്. സ്കോർ: ഇംഗ്ലണ്ട് 387, 192, ഇന്ത്യ 387, 170.
ജയിച്ച് പരമ്പരയിൽ മുന്നിലെത്താനുള്ള സുവർണാവസരമാണ് ശുഭ്മൻ ഗില്ലും സംഘവും നഷ്ടപ്പെടുത്തിയത്. ഒറ്റക്ക് പൊരുതിയ രവീന്ദ്ര ജദേജ 181 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.