പന്തിനെ പരിക്കേൽപിച്ചിട്ടും വോക്സിനെ ക്രീസിൽ ബഹുമാനിച്ച് ഇന്ത്യൻ താരങ്ങൾ
text_fieldsഓവൽ ടെസ്റ്റിനിടെ ശുഭ്മൻ ഗില്ലും ക്രിസ് വോക്സും
ലണ്ടൻ: പരിക്കേറ്റ കൈയുമായി ബാറ്റ് ചെയ്യാനെത്തിയ തന്നോട് ഇന്ത്യൻ താരങ്ങൾ ആദരവോടെയാണ് പെരുമാറിയതെന്ന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്സ്. ‘‘സന്തോഷവും ആശങ്കകളും ഒരുമിച്ച് അനുഭവപ്പെട്ടൊരു നിമിഷമായിരുന്നു അത്. ഒരു പന്ത് പ്രതിരോധിക്കാനോ. ഒരു ഓവറെങ്കിലും പുറത്താകാതെ അതിജീവിക്കാനോ സാധിക്കുമോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു റണ്ണോ ബൗണ്ടറിയോ നേടാൻ സാധിക്കുമോയെന്നും ആശങ്കപ്പെട്ടു. എന്നാൽ, 90 മൈൽ വേഗത്തിലെത്തുന്ന ബൗണ്സറുകളൊന്നും എനിക്കു നേരിടേണ്ടിവന്നില്ല. അതിനു നന്ദിയുണ്ട്’’ -ഓവൽ ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങിയതിനെക്കുറിച്ച് വോക്സിന്റെ വാക്കുകൾ.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ വോക്സിന്റെ പന്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് കാലിന് പരിക്കേൽക്കുന്നത്. പിറ്റേന്ന് വീണ്ടും ബാറ്റുമായി ക്രീസിലെത്തിയ താരത്തിന്റെ കാല് നോക്കി ഇംഗ്ലീഷ് ബൗളർമാരായ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും യോർക്കറുകളുതിർത്തു. പരിക്കേറ്റ പന്ത് അഞ്ചാം ടെസ്റ്റ് ടീമിൽനിന്നുതന്നെ പുറത്തായി.
കാവ്യനീതിയെന്നോണം ഓവലിൽ ഫീൽഡിങ്ങിനിടെ വോക്സിനും പരിക്കേറ്റു. ഇംഗ്ലണ്ട് തോൽവി അഭിമുഖീകരിക്കവെ ഒറ്റക്കൈയിൽ ബാറ്റുമായി ക്രീസിലിറങ്ങാനും നിർബന്ധിതനായി വോക്സ്. മാഞ്ചസ്റ്ററിലെ സംഭവങ്ങളുടെ പേരിൽ ഋഷഭ് പന്തിനോട് ക്ഷമ ചോദിച്ചെന്നും ഇംഗ്ലീഷ് ഓൾ റൗണ്ടർ വെളിപ്പെടുത്തി.
ഓവലിൽ പരിക്കേറ്റ കൈയുമായി ബാറ്റ് ചെയ്യാനെത്തിയ തന്റെ ഫോട്ടോ സല്യൂട്ട് ഇമോജിയോടെ പന്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കണ്ടെന്നും ഇതിന് നന്ദി പ്രകടിപ്പിച്ചും കാലിന്റെ ക്ഷേമം അന്വേഷിച്ചും മറുപടി നൽകിയെന്നും വോക്സ് പറഞ്ഞു. പിന്നെ പന്ത് വോയ്സ് നോട്ടും അയച്ചു. വോക്സിന്റെ ധീരതയെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വാഴ്ത്തിയിരുന്നു. ഇന്ത്യ നന്നായി കളിച്ചെന്ന് താൻ ഗില്ലിനോട് പറഞ്ഞതായും വോക്സ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.