Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കലല്ല, ശരിയായ തീരുമാനങ്ങളെടുക്കലാണ്; ഗൗതം ഗംഭീർ

text_fields
bookmark_border
എന്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കലല്ല, ശരിയായ തീരുമാനങ്ങളെടുക്കലാണ്; ഗൗതം ഗംഭീർ
cancel

ഹാമിൽട്ടൺ: ഇന്ത്യൻ ടീമിൽ എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല തന്റെ ജോലിയെന്നും ജനപ്രിയ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പരിശീലകൻ ഗൗതം ഗംഭീർ. നേരത്തെ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് ടീമിൽ കൂടുതൽ അവസരങ്ങൾ നൽകുമെന്നും ബെഞ്ചിൽ പ്രതിഭാധനരായ നിരവധി താരങ്ങളുണ്ടെന്നത് ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈഭവ് സൂര്യവംശിയെ തുടർച്ചയായി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പരിശീലകന്റെ പ്രതികരണം.

'ആദ്യമായി പറയട്ടെ, എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല എന്റെ ജോലി. ജനപ്രിയ തീരുമാനങ്ങളല്ല, ശരിയായ തീരുമാനങ്ങളാണ് ഞാൻ എടുക്കേണ്ടത്. അതിനാണ് ഞാൻ ഈ സ്ഥാനത്തിരിക്കുന്നത്. ജനപ്രിയ തീരുമാനങ്ങൾ എടുക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഡ്രസിങ് റൂമിനുള്ളിൽ താരങ്ങൾക്ക് സുരക്ഷിതത്വബോധം ഉറപ്പാക്കുന്നതിനൊപ്പം ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്' - ഗംഭീർ പറഞ്ഞു.

നിരവധി പ്രതിഭാധനരായ താരങ്ങൾ ടീമിലുണ്ടെങ്കിലും ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലുടനീളം ടീമിന്റെ സമീപനം ഇതായിരുന്നുവെന്നും വ്യക്തമാക്കി.

സെപ്റ്റംബറിൽ അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയോടെയാണ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ തിരക്കേറിയ മത്സരക്രമം ആരംഭിച്ചത്. പിന്നാലെ ഏഷ്യൻ ഗെയിംസിനും ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിനുമായി ടീം യാത്ര ചെയ്തു. അതിനുശേഷം വെസ്റ്റിൻഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ച ശേഷമാണ് ന്യൂസിലൻഡിലെത്തിയത്.

ചുരുങ്ങിയ ഇടവേളക്കുള്ളിൽ തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടിവന്നിട്ടും താരങ്ങൾ സാഹചര്യങ്ങളോട് മികച്ച രീതിയിൽ പൊരുത്തപ്പെട്ടുവെന്ന് ഗംഭീർ പറഞ്ഞു. 17ന് പരമ്പര പൂർത്തിയാക്കി 18ന് തന്നെ യാത്ര തിരിക്കേണ്ടിവന്നു. പരിശീലനത്തിന് ഒരു സെഷൻ മാത്രമാണ് ലഭിച്ചത്. ന്യൂസിലൻഡിന്റെ സ്വന്തം മണ്ണിൽ കളിക്കുക എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എല്ലാവർക്കുമറിയാം. ആദ്യമായി ഇവിടെ കളിക്കാനെത്തിയ താരങ്ങൾ ഉൾപ്പെടെ സാഹചര്യങ്ങളോട് മികച്ച രീതിയിൽ പൊരുത്തപ്പെട്ടുവെന്നും ഗംഭീർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gautam Gambhir on Team Selection
Next Story