Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദി, മാക്‌സി; ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

text_fields
bookmark_border
മെൽബണിൽ അവസാനമായി കളിക്കാൻ മോഹിച്ചു, അവസരം ലഭിച്ചില്ല; രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് 'ബിഗ് ഷോ'
നന്ദി, മാക്‌സി; ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
cancel

മെൽബൺ: തോൽവിയുറപ്പിച്ച കളികളിൽനിന്ന് 'മൈറ്റി ഓസിസിനെ' പലവട്ടം വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട് ഗ്ലെൻ മാക്‌സ്‌വെൽ. അതിൽ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്തൊരു ഇന്നിങ്സുണ്ട്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ആസ്ട്രേലിയ തകർന്നുനിൽക്കുമ്പോൾ, പരിക്കിന്റെ വേദന കടിച്ചമർത്തി ഒറ്റക്കാലിൽനിന്ന് പൊരുതിയ ആ ഇരട്ട സെഞ്ച്വറി. ഓരോ സിക്സറിലും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ മനുഷ്യൻ ഇനി ആസ്ട്രേലിയൻ മഞ്ഞക്കുപ്പായത്തിൽ കളിക്കാനില്ല. ആരാധകരുടെ പ്രിയപ്പെട്ട 'മാക്‌സി', വെടിക്കെട്ടുകളുടെ 'ബിഗ് ഷോ' ഗ്ലെൻ മാക്‌സ്‌വെൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.

ബാറ്റുമായി ക്രീസിലെത്തിയാൽ എപ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകാത്ത ബാറ്ററായിരുന്നു മാക്‌സ്‌വെൽ. അസാധ്യമായ ഷോട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന സിക്സറുകളും അവിശ്വസനീയ ക്യാച്ചുകളും കൊണ്ട് കളിക്കളത്തെ ആഘോഷമാക്കിയ താരം 14 വർഷത്തെ രാജ്യാന്തര കരിയറിനാണ് വിരാമമിട്ടത്. സ്വന്തം തട്ടകമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയൻ കുപ്പായത്തിൽ അവസാനമായി ഒരിക്കൽക്കൂടി ഇറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് 38കാരന്റെ പടിയിറക്കം.

ഈ മാസം 21ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെയാണ് മാക്‌സ്‌വെൽ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. 'ദ ഫൈനൽ വേഡ്' ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. സ്വന്തം തട്ടകമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസാനമായി ആസ്ട്രേലിയൻ ജഴ്സിയണിഞ്ഞ് ആരാധകരോട് വിടപറയണമെന്ന ആഗ്രഹം സഫലമാകാതെയാണ് താരത്തിന്റെ മടക്കം.

2026 ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഒമാനെതിരായ മത്സരമാണ് മാക്‌സ്‌വെലിന്റെ അവസാന രാജ്യാന്തര മത്സരം. ആ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ആസ്ട്രേലിയ പുറത്തായതോടെ മാക്‌സ്‌വെലിന്റെ രാജ്യാന്തര കരിയറും അവസാന മത്സരത്തിലെത്തുകയായിരുന്നു.

വിടവാങ്ങൽ മത്സരം സ്വപ്നമായി

മെൽബണിൽ ഇംഗ്ലണ്ടിനെതിരെ ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ കഴിയുമെന്ന ചെറിയ പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്ന് മാക്‌സ്‌വെൽ വെളിപ്പെടുത്തി. എന്നാൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പൂർണമായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിനെ മുൻനിർത്തി അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ആസ്ട്രേലിയൻ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മാക്‌സ്‌വെൽ ചൂണ്ടിക്കാട്ടി. രാജ്യാന്തര മത്സരങ്ങളുടെ സമ്മർദം നേരിടാൻ യുവതാരങ്ങളെ സജ്ജരാക്കേണ്ടതുണ്ടെന്നും ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിലൂടെ മാത്രം അത്തരം അനുഭവം ലഭിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കണമെന്നാവശ്യപ്പെട്ട് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായിരുന്നില്ലെന്നും ലോകകപ്പിന് മുമ്പും ശേഷവും തന്റെ ഭാവിയെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നുവെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി.

ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയ ഇന്നിങ്സ്

മാക്‌സ്‌വെലിന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ അധ്യായമാണ് 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ ഇരട്ട സെഞ്ചറി. മുംബൈയിൽ നടന്ന മത്സരത്തിൽ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു മാക്‌സ്‌വെലിന്റെ അസാമാന്യ ചെറുത്തുനിൽപ്പ്. കടുത്ത പേശിവലിവും ശാരീരിക അസ്വസ്ഥതകളും അവഗണിച്ച് 128 പന്തിൽ പുറത്താകാതെ 201 റൺസ് നേടിയ താരം ആസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു.

അതേ ലോകകപ്പിൽ നെതർലൻഡ്സിനെതിരെ വെറും 40 പന്തിൽ സെഞ്ചറി തികച്ച മാക്‌സ്‌വെൽ ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചറിയെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 2015, 2023 ഏകദിന ലോകകപ്പുകളും 2021ലെ ട്വന്റി20 ലോകകപ്പും നേടിയ ആസ്ട്രേലിയൻ ടീമുകളിൽ മാക്‌സ്‌വെൽ അംഗമായിരുന്നു.

അഞ്ച് ട്വന്റി20 സെഞ്ചറികൾ; അപൂർവ റെക്കോഡ്

ആസ്ട്രേലിയക്കായി 149 ഏകദിനങ്ങളും 130 ട്വന്റി20 മത്സരങ്ങളും ഏഴ് ടെസ്റ്റുകളും ഉൾപ്പെടെ 286 രാജ്യാന്തര മത്സരങ്ങളിലാണ് മാക്‌സ്‌വെൽ കളത്തിലിറങ്ങിയത്. ഏകദിനത്തിൽ 3990 റൺസ് നേടിയ താരം ട്വന്റി20യിൽ 2897 റൺസും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ 136 വിക്കറ്റുകളാണ് സമ്പാദ്യം.

ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് സെഞ്ചറികൾ നേടിയ മാക്‌സ്‌വെൽ, ഇന്ത്യൻ താരം രോഹിത് ശർമക്കൊപ്പം റെക്കോഡ് പങ്കിടുന്നു. 154ലേറെ സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടിയ താരം ട്വന്റി20യിൽ ആസ്ട്രേലിയയുടെ ഏറ്റവും മികച്ച മൂന്നാമത്തെ റൺവേട്ടക്കാരനായാണ് പടിയിറങ്ങുന്നത്.

രാജ്യാന്തര ക്രിക്കറ്റിനോട് വിട; ബിഗ് ബാഷിൽ തുടരും

രാജ്യാന്തര ക്രിക്കറ്റിന് പുറമെ വിക്ടോറിയക്കായുള്ള ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽനിന്നും വിരമിക്കുന്ന മാക്‌സ്‌വെൽ ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റിൽ തുടരും. ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കുന്ന താരത്തിന് 2027-28 സീസൺ അവസാനംവരെ കരാറുണ്ട്.

കാൽമുട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ശരീരത്തിന് കൂടുതൽ വിശ്രമവും ചികിത്സയും ആവശ്യമാണെന്നും വരാനിരിക്കുന്ന ബിഗ് ബാഷ് സീസണിൽ പൂർണ കായികക്ഷമതയോടെ കളത്തിലിറങ്ങാനാണ് ശ്രമമെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി. ഇതിനായി എട്ടാഴ്ചത്തെ പുനരധിവാസ പരിശീലനത്തിനാണ് താരം പദ്ധതിയിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Glenn Maxwell Retires from International Cricket
Next Story