‘റോയലാ’കാതെ സഞ്ജുവും സംഘവും; ഗുജറാത്ത് ടൈറ്റൻസിന് 58 റൺസിന്‍റെ തകർപ്പൻ ജയം
text_fieldsഗുജറാത്തിനെതിരെ പുറത്തായി മടങ്ങുന്ന റിയാൻ പരാഗ്
അഹ്മദാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 58 റൺസിന്‍റെ തകർപ്പൻ വിജയം. 218 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് 159 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അർധ സെഞ്ച്വറി നേടിയ ഷിംറോൺ ഹെറ്റ്മെയറാണ് (52) അവരുടെ ടോപ് സ്കോറർ. രാജസ്ഥാന്‍റെ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. തുടർച്ചയായ നാലാം ജയത്തോടെ ടൈറ്റൻസ് പോയിൻറ് ടേബിളിൽ ഒന്നാമതായി. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ ആറിന് 217, രാജസ്ഥാൻ റോയൽസ് - 19.2 ഓവറിൽ 159ന് പുറത്ത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപണർ യശസ്വി ജയ്സ്വാളിന്‍റെയും (6) നിതീഷ് റാണയുടെയും (1) വിക്കറ്റുകൾ നഷ്ടമായി. പിന്നീടിറങ്ങിയ റിയാൻ പരാഗിനൊപ്പം നായകൻ സഞ്ജു സാംസൺ സ്കോറുയർത്തി. പവർപ്ലേ ഓവറുകൾ അവസാനിച്ചതിനു പിന്നാലെ 14 പന്തിൽ 26 റൺസുമായി പരാഗ് മടങ്ങി. ഒരോവർ കൂടി പിന്നിടുന്നതിനിടെ ധ്രുവ് ജുറേലിനെ (5) റാഷിദ് ഖാൻ സായ് സുദർശന്‍റെ കൈകളിലെത്തിച്ചു. ഇതോടെ രാജസ്ഥാൻ 7.4 ഓവറിൽ നാലിന് 68 എന്ന നിലയിലായി.
മധ്യനിരയിലെത്തിയ ഷിംറോൺ ഹെറ്റ്മെയർ സഞ്ജുവിനൊപ്പം സ്കോർ ബോർഡ് ചലിപ്പിച്ചു. 13-ാം ഓവറിൽ സഞ്ജു വീണതോടെ രാജസ്ഥാൻ ആരാധകർ നിരാശരായി. 28 പന്തിൽ 41 റൺസാണ് ക്യാപ്റ്റന്‍റെ സംഭാവന. ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ (1) പാടെ നിരാശപ്പെടുത്തി. ജോഫ്ര ആർച്ചർ നാല് റൺസുമായി മടങ്ങി. അർധ സെഞ്ച്വറി പിന്നിട്ട ഹെറ്റ്മെയർ 16-ാം ഓവറിൽ വീണതോടെ രാജസ്ഥാന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. 32 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസാണ് താരം നേടിയത്. മഹീഷ് തീക്ഷണ (5), തുഷാർ ദേശ്പാണ്ഡെ (3), സന്ദീപ് ശർമ (6*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.
നേരത്തെ അർധ സെഞ്ച്വറി നേടിയ സായ് സുദർശന്‍റെ (82) കരുത്തിലാണ് ഗുജറാത്ത് മികച്ച സ്കോർ കണ്ടെത്തിയത്. 36 വീതം റൺസെടുത്ത ജോസ് ബട്ലർ, ഷാറുഖ് ഖാൻ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 217 റൺസ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മുന്നൂറാൻ സഞ്ജു
അഹ്മദാബാദ്: കുട്ടി ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇന്നലെ അഹ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന കളിയോടെയാണ് മലയാളി താരം ഈ നേട്ടത്തിലെത്തിയത്. രാജസ്ഥാന് പുറമെ ഇന്ത്യ, കേരളം, ഡൽഹി കാപിറ്റൽസ് ടീമുകളെയും സഞ്ജു ട്വന്റി20യിൽ പ്രതിനിധാനംചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ താരം ഐ.പി.എല്ലിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 4500 റണ്‍സ് കടക്കുന്ന 14ാമത്തെ താരമായി തിരുവനന്തപുരത്തുകാരൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.