അഭിഷേകിന്റെ അർധ സെഞ്ച്വറി വിഫലം; ടൈറ്റൻസിന് 38 റൺസിന്‍റെ തകർപ്പൻ ജയം
text_fieldsഅഹ്മദാബാദ്: നിർണായക മത്സരത്തിൽ ഓപണർ അഭിഷേക് ശർമ നേടിയ അർധ സെഞ്ച്വറിക്കും (74) സൺറൈസേഴ്സിനെ രക്ഷിക്കാനായില്ല. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്സിന്‍റെ ഇന്നിങ്സ് 186 റൺസിൽ അവസാനിച്ചു. 38 റൺസിനാണ് ടൈറ്റൻസിന്‍റെ വിജയം. ജയത്തോടെ അവർ പോയിന്‍റ് പട്ടികയിൽ രണ്ടാമതായി. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ ആറിന് 224, സൺറൈസേഴ്സ് ഹൈദരാബാദ് - 20 ഓവറിൽ ആറിന് 186.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് തുടങ്ങിയ സൺറൈസേഴ്സിന് അഞ്ചാം ഓവറിൽ സ്കോർ 49ൽ നിൽക്കെ ട്രാവിസ് ഹെഡിനെ നഷ്ടമായി. 16 പന്തിൽ 20 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് അഭിഷേക് ശർമ സ്കോറുയർത്തി. 17 പന്തിൽ 13 റൺസ് മാത്രം നേടിയ കിഷൻ, പത്താം ഓവറിൽ പുറത്തായി. ഇതോടെ അഭിഷേകിന് കൂട്ടായി ഹെയ്ന്റിച് ക്ലാസനെത്തി.
മികച്ച രീതിയിൽ ഇന്നിങ്സ് പടുത്തുയർത്തിയ അഭിഷേക് 15-ാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തിൽ നാല് ഫോറും ആറ് സിക്സും സഹിതം 74 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ടൈറ്റൻസ് മത്സരത്തിൽ പിടിമുറുക്കി. 23 റൺസെടുത്ത ക്ലാസനെ വിക്കറ്റിനു പിന്നിൽ ജോസ് ബട്ട്ലർ പിടിച്ചു പുറത്താക്കി. തൊട്ടടുത്ത ഓവറിൽ അനികേത് വർമ (3) കൂടി പുറത്തായതോടെ സ്കോർ അഞ്ചിന് 145 എന്ന നിലയിലായി.
കമിന്ദു മെൻഡിസ് സംപൂജ്യനായി മടങ്ങി. നേരിട്ട ആദ്യ പന്തിൽ താരം ബട്ട്ലർക്ക് ക്യാച്ച് നൽകുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡി (21*), പാറ്റ് കമിൻസ് (19*) എന്നിവർ പുറത്താകാതെ നിന്നു. ടൈറ്റൻസിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ടൂർണമെന്‍റിലെ വിക്കറ്റുനേട്ടം 19 ആക്കി ഉയർത്തിയ പ്രസിദ്ധ് കൃഷ്ണ, പർപ്പിൾ ക്യാപും തിരികെ പിടിച്ചു.
വമ്പൻ സ്കോർ അടിച്ചെടുത്ത് ടൈറ്റൻസ്
മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ടൈറ്റൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ ശുഭ്മൻ ഗിൽ, ജോസ് ബട്ട്ലർ എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് വമ്പൻ സ്കോറടിച്ചത്. ഇരുവർക്കും പുറമെ 48 റൺസ് നേടിയ സായ് സുദർശന്‍റെ ഇന്നിങ്സും ടൈറ്റൻസിന്‍റെ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലൽ 224 റൺസാണ് ആതിഥേയർ നേടിയത്.
തുടക്കം മുതൽ തകർത്തടിച്ച ടൈറ്റൻസ് ഓപണർമാർ നാലോവറിൽ സ്കോർബോർഡിൽ 50 റൺസ് ചേർത്തു. പവർപ്ലേ ഓവറുകളിൽ, ഫീൽഡിങ്ങിലെ വിടവുകൾ കണ്ടെത്തിയ ഗില്ലും സായ് സുദർശനും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി. ആദ്യത്തെ ആറോവറിൽ 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സായ് സുദർശനെ സീഷൻ അൻസാരി, വിക്കറ്റ് കീപ്പർ ഹെയ്ന്റിച് ക്ലാസന്‍റെ കൈകളിലെത്തിച്ചു. 23 പന്തിൽ ഒമ്പത് ഫോറുകൾ സഹിതം 48 റൺസ് അടിച്ച താരം ഓറഞ്ച് ക്യാപ് തിരികെ പിടിച്ചു. സ്ഥിരതയാർന്ന പ്രകടനത്തോടെ, സീസണിൽ 500 റൺസ് പിന്നിടുന്ന ആദ്യ താരമാകാനും സായ് സുദർശനു കഴിഞ്ഞു. പിന്നാലെയെത്തിയ ജോസ് ബട്ട്ലറെ കൂട്ടുപിടിച്ച ഗിൽ, 8.2 ഓവറിൽ ടീം സ്കോർ 100 കടത്തി.
സ്കോർ 149ൽ നിൽക്കേ, ശുഭ്മൻഗിൽ റണ്ണൗട്ടായി. 38 പന്തിൽ 10 ഫോറും രണ്ട് സിക്സും സഹിതം 76 റൺസാണ് താരത്തിന്റെ സമ്പാദ്യം. പതിയെ തുടങ്ങിയ ബട്ട്ലർ, ഗിൽ പുറത്തായതോടെ വമ്പൻ ഷോട്ടുകൾ പുറത്തെടുത്തു. വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് 18 ഓവറിൽ സ്കോർ 200 കടത്തി. 37 പന്തിൽ 64 റൺസെടുത്ത താരത്തെ 19-ാം ഓവറിൽ പാറ്റ് കമിൻസ് അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. ജയ്ദേവ് ഉനദ്കതിന്‍റെ അവസാന ഓവറിൽ സുന്ദറും (16 പന്തിൽ 21) രാഹുൽ തെവാട്ടിയയും (6) റാഷിദ് ഖാനും (0) പുറത്തായി. 6 റൺസുമായി ഷാറുഖ് ഖാൻ പുറത്താകാതെ നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.