ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി ആസ്ട്രേലിയ; മൂന്ന് സെഞ്ച്വറിയുമായി കൂറ്റൻ സ്കോർ (431/2)
text_fieldsകാമറോൺ ഗ്രീൻ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്
ക്വീൻസ്‍ലാൻഡ്: ആദ്യ രണ്ട് ഏകദിനങ്ങളിൽ 200ൽ താഴെ റൺസിന് പുറത്തായ ആസ്ട്രേലിയ റൺവരൾച്ചയുടെ സങ്കടം തീർത്ത് മൂന്ന് ബാറ്റർമാരുടെ വെടിക്കെട്ട് സെഞ്ച്വറിയുമായി പടുത്തുയർത്തിയത് കൂറ്റൻ സ്കോർ. ദക്ഷിണാഫ്രികക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ സ്വന്തമാക്കിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 431 റൺസ് എന്ന വമ്പൻ സ്കോർ. ഓപണർമാരായ ട്രാവിസ് ഹെഡ് (142 റൺസ്), മിച്ചൽ മാർഷ് (100), കാമറൂൺ ഗ്രീൻ (118 നോട്ടൗട്ട്) എന്നിവരാണ് മിന്നൽ പിണർ കണക്കെ ബാറ്റ് വീശി എതിരാളികളെ വിറപ്പിച്ചത്. മൂവർക്കുമൊപ്പം അലക്സ് കാരിയും (50) അർധസെഞ്ച്വറി നേട്ടവുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ 155ന് പുറത്താക്കിയ ആസ്ട്രേലിയ 276 റൺസിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി.
ഓപണർമാരായ ട്രാവിസ് ഹെഡിന്റെയും മിച്ചൽ മാർഷിന്റെയും വിക്കറ്റുകൾ മാത്രമാണ് ആസ്ട്രേലിയക്ക് നഷ്ടമായത്. 103 പന്തിൽ 17 ബൗണ്ടറിയും അഞ്ച് സിക്സുമായാണ് ട്രാവിസ് മിന്നൽ സെഞ്ച്വറി തികച്ചത്. സ്റ്റേഡിയത്തിന്റെ മേൽകൂരയിലേക്കായിരുന്നു ട്രാവിസിന്റെ ബാറ്റിൽ നിന്നും അഞ്ച് സിക്സറുകളും പറന്നിറങ്ങിയത്. നായകൻ മിച്ചൽ മാർഷ് 106 പന്തിൽ സെഞ്ച്വറി തികച്ച് മടങ്ങി. ആറ് ബൗണ്ടറിയും അഞ്ച് സിക്സറും കുറിച്ചു. പുറത്താവാതെ നിലയുറപ്പിച്ച കാമറൂൺ ഗ്രീൻ 55 പന്തിലാണ് തികച്ചത്. ആറ് ബൗണ്ടറിയും എട്ട് സിക്സറും പിറന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രികക്കായിരുന്നു ജയം. ഒന്നാം ഏകദിനത്തിൽ 98 റൺസിനും, രണ്ടാം ഏകദിനതത്തിൽ 84 റൺസിനും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
രണ്ട് മത്സരങ്ങളിലും 193 റൺസിന് പുറത്തായി ദയനീയമായി തകർന്ന ആസ്ട്രേലിയൻ ബാറ്റിങ് നിരയുടെ ഉയിർത്തെഴുന്നേൽപിനായിരുന്നു ക്വീൻസ്‍ലാൻഡ് സാക്ഷ്യം വഹിച്ചത്.
ആസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ മൂന്ന് സെഞ്ച്വറിയെന്ന അപൂർവ റെക്കോഡിനാണ് ക്വീൻസ്‍ലാൻഡിലെ മകായ് സാക്ഷ്യം വഹിച്ചത്. നേരത്തെ ദക്ഷിണാഫ്രിക്ക മൂന്ന് തവണയും, ഇംഗ്ലണ്ട് ഒരു തവണയും ഒരു ഇന്നിങ്സിൽ മൂന്ന് സെഞ്ച്വറി കുറിച്ചിരുന്നു.
മത്സരത്തിൽ ആസ്ട്രേലിയ 276 റൺസിന് ജയിച്ചു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രികക്ക് 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാലിന് 50 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മധ്യനിരയിൽ ഡെവാൾഡ് ബ്രെവിസും (49), ടോണി ഡി സോർസിയും (33) ചേർന്നാണ് വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ആസ്ട്രേലിയൻ സ്പിൻ ബൗളർ കൂപർ കൊനോളി അഞ്ചു വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.