ജദേജ ഹീറോയോ വില്ലനോ? പതിയെ കളിച്ച് അന്തിമ വിജയം കൈവിട്ടോ?
text_fieldsലണ്ടൻ: സമീപകാലത്ത് ക്രിക്കറ്റ് ആരാധകർ ഇത്രയും ആകാക്ഷയോടെ കണ്ട മറ്റൊരു ടെസ്റ്റ് ഉണ്ടായിട്ടില്ല. ലോർഡ്സ് ടെസ്റ്റിന്‍റെ അഞ്ചാംദിനം ക്ലൈമാക്സിലേക്ക് അടുക്കവെ, ഹോട്സ്റ്റാറിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം കോടികൾ പിന്നിട്ടിരുന്നു! ആദ്യ സെഷനിൽതന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ എട്ടിന് 112 റൺസ് എന്ന നിലയിലായിരുന്നു. ഇംഗ്ലണ്ട് ജയിക്കാൻ ഇനി കാലതാമസമില്ലെന്ന തോന്നലിൽനിന്ന് മധ്യനിരതാരം രവീന്ദ്ര ജദേജ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് അദ്ഭുതത്തോടെയാണ് ആരാധകർ നോക്കിനിന്നത്.
വാലറ്റക്കാരായ ബുംറക്കും സിറാജിനുമൊപ്പം പൊരുതിനിന്ന ജദേജ അർധ സെഞ്ച്വറി പിന്നിട്ടതോടെ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷ സജീവമായി. എന്നാൽ വിജയലക്ഷ്യത്തിന് 23 റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഫലമോ ലോർഡ്സ് ടെസ്റ്റിലെ പരാജയവും. അവസാന രണ്ട് വിക്കറ്റുകളിൽ 212 പന്തുകളാണ് ടീം ഇന്ത്യ അതിജീവിച്ചത്. ബുംറക്കും സിറാജിനുമൊപ്പം 58 റൺസ് കൂട്ടിച്ചേർത്ത ജദേജ, 181 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ടോപ് ഓഡറും മിഡിൽ ഓഡറും പരാജയപ്പെട്ടിടത്താണ് ജദേജയുടെ അർധ ശതകമെന്നത് പ്രശംസനീയമാണ്.
എന്നാൽ സമയം ലഭിച്ചിട്ടും ആക്രമിച്ചു കളിക്കാൻ ജദേജ തയാറായില്ലെന്നും, അന്തിമ വിജയം കൈവിട്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 48-ാം ഓവറിൽ ക്രിസ് വോക്സിനെതിരെ സിക്സറടിച്ച ജദേജ പക്ഷേ, വിക്കറ്റുകൾ തുടരെ വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ക്രിസ് വോക്സ്, ശുഐബ് ബഷീർ, ജോ റൂട്ട് എന്നിവർക്ക് പിച്ചിൽനിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നിട്ടും ‘റിസ്ക്’ എടുക്കാൻ ജദേജ തയാറായില്ല. ബൗണ്ടറികളിലേക്ക് പന്ത് എത്തിക്കാൻ താരം ശ്രമിച്ചിരുന്നെങ്കിൽ റിസൽറ്റ് തന്നെ മാറാനുള്ള സാധ്യത മുൻ താരം അനിൽ കുംബ്ലെ ചൂണ്ടിക്കാണിക്കുന്നു.
“ക്രിസ് വോക്സ്, ശുഐബ് ബഷിർ, ജോ റൂട്ട് എന്നിവരുടെ ഓവറുകളിൽ ജദേജക്ക് അടിച്ചുകളിക്കാമായിരുന്നു. വോക്സിന്‍റെ പന്തുകൾക്ക് മറ്റ് പേസർമാരേക്കാൾ വേഗം കുറവാണ്. ആവശ്യത്തിന് ടേൺ കിട്ടാത്തതിനാൽ സ്പിന്നർമാരെ ഭയക്കേണ്ട കാര്യമില്ലായിരുന്നു. അത്തരം സമയത്ത് ‘റിസ്ക്’ എടുക്കണം. മറുഭാഗത്ത് ബുംറയും സിറാജുമായതിനാൽ സിംഗിൾ ഓടാൻ പലപ്പോഴും അദ്ദേഹം തയാറായില്ല. എന്നാൽ ബൗണ്ടറികളിലൂടെ കൂടുതൽ റൺസ് നേടാൻ ശ്രമിക്കാമായിരുന്നു” -കുംബ്ലെ പറഞ്ഞു.
എന്നാൽ വാലറ്റത്തോടൊപ്പം ബാറ്റ് ചെയ്യുമ്പോൾ ജദേജ സ്വീകരിച്ച തന്ത്രമാണ് നല്ലതെന്ന് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നപ്പോൾ, ജദേജയെ പിന്തുണക്കുന്ന നിലപാടാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്വീകരിച്ചത്. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്ന് ഇംഗ്ലിഷ് താരങ്ങളിൽ സമ്മർദം കൊണ്ടുവരാനായിരുന്നു ശ്രമമെന്നും ഗിൽ പറഞ്ഞു.
അതേസമയം 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ 170 റൺസിനാണ് ഇംഗ്ലണ്ട് പുറത്താക്കിയത്. ജയത്തോടെ ആതിഥേയർ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (2-1). ഒന്നാം ഇന്നിങ്സിൽ ഇരുടീമുകളുടെയും സ്കോർ ഒപ്പത്തിനൊപ്പമായിരുന്നു -387 റൺസ്. സ്കോർ: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. കളി ജയിച്ച് പരമ്പരയിൽ മുന്നിലെത്താനുള്ള സുവർണാവസരമാണ് ശുഭ്മൻ ഗില്ലും സംഘവും നഷ്ടപ്പെടുത്തിയത്. ഇന്ത്യൻ നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.