കൊടുങ്കാറ്റായി ഹോപും സീൽസും, നാണംകെട്ട് പാകിസ്താൻ! വിൻഡീസിനോട് 202 റൺസിന്‍റെ കൂറ്റൻ തോൽവി, പരമ്പരയും കൈവിട്ടു
text_fieldsവെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്താന് നാണംകെട്ട തോൽവി. നിർണായക മത്സരത്തിൽ 202 റൺസിനാണ് മുഹമ്മദ് റിസ്വാനും സംഘവും തോറ്റമ്പിയത്.
ഇതോടെ 2-1ന് പരമ്പരയും കൈവിട്ടു. 34 വർഷത്തിനിടെ ആദ്യമായാണ് പാകിസ്താനെതിരെ വിൻഡീസ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഷായ് ഹോപ്പിന്‍റെ അപരാജിത സെഞ്ച്വറിയും ജെയ്ഡന്‍ സീല്‍സിന്‍റെ ആറു വിക്കറ്റ് പ്രകടനവുമാണ് സന്ദർശകരായ പാകിസ്താനെ തരിപ്പണമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ആതിഥേയർ, അടുത്ത രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയാണ് ചരിത്ര വിജയം കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു. നായകൻ ഹോപ് 94 പന്തിൽ അഞ്ചു സിക്സും 10 ഫോറുമടക്കം 120 റൺസെടുത്ത് പുറത്താകാതെ നിന്നു. ജസ്റ്റിൻ ഗ്രീവിസ് 24 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു. ബ്രാഡൻ കിങ് (എട്ടു പന്തിൽ അഞ്ച്), എവിൻ ലൂയിസ് (54 പന്തിൽ 37), കീസി കാർട്ടി (45 പന്തിൽ 17), റൂഥർഫോർഡ് (40 പന്തിൽ 15), റോസ്റ്റൻ ചേസ് (29 പന്തിൽ 36), ഗുഡകേശ് മോട്ടീ (ഏഴു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പാകിസ്താനുവേണ്ടി നസീം ഷാ, അബ്രാർ അഹ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ 29.2 ഓവറിൽ 92 റൺസിന് വിൻഡീസ് എറിഞ്ഞിട്ടു. 7.2 ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് സീൽസ് ആറു വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണർമാരായ സായിം അയൂബ്, അബ്ദുല്ല ഷഫീഖ്, നായകൻ റിസ്വാൻ എന്നിവർ ഉൾപ്പെടെ അഞ്ചു താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. 49 പന്തിൽ 30 റൺസെടുത്ത സൽമാൻ ആഘയാണ് ടീമിന്‍റെ ടോപ് സ്കോറർ. 50 വർഷത്തിനിടെ ആദ്യമായാണ് വിൻഡിസീനോട് പാകിസ്താൻ 200ലധികം റൺസിന്‍റെ തോൽവി വഴങ്ങുന്നത്. 2009 ജനുവരി 24ന് ലാഹോറിൽ ശ്രീലങ്കയോട് 234 റൺസിന് തോറ്റതാണ് പാകിസ്താന്‍റെ ഏറ്റവും വലിയ ഏകദിന തോൽവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.