‘രണ്ടു മാസത്തിലൊരിക്കൽ കാണും, എന്നും വിഡിയോ കാൾ ചെയ്യും’; സാനിയയുമായി പിരിഞ്ഞെങ്കിലും ഇസ്ഹാനുമായി അടുപ്പമേറെയെന്ന് ശുഐബ് മാലിക്
text_fieldsഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റർ ശുഐബ് മാലികും 14 വർഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. ഇരുവരുടെയും മകൻ ഇസ്ഹാൻ മിർസ മാലിക് ഇപ്പോൾ സാനിയക്കൊപ്പമാണ്. കുഞ്ഞുപ്രായത്തിലുള്ള മകന് വേണ്ട സ്നേഹ വാത്സല്യങ്ങൾ നൽകാത്ത പിതാവാണ് ശുഐബ് എന്ന വിമർശനം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നുണ്ട്.
എന്നാൽ, ഈ വിമർശനങ്ങളിൽ കഴമ്പില്ലെന്നും മകനും താനുമായി അത്രയേറെ അടുത്ത ബന്ധമാണെന്നും പറയുന്നു ശുഐബ് മാലിക്. രണ്ടു മാസത്തിലൊരിക്കൽ ദുബൈയിലെത്തി അവനെ കാണാറുണ്ടെന്നും ദിവസവും വിഡിയോ കാൾ ചെയ്യാറുണ്ടെന്നും പാക് ക്രിക്കറ്റർ വ്യക്തമാക്കുന്നു. പാക് ചാനലിലെ ഒരു ഷോയിൽ പങ്കെടുത്താണ് മകനുമായുള്ള ബന്ധത്തെക്കുറിച്ച് ശുഐബ് വിശദീകരിച്ചത്. പിതാവും മകനുമെന്നതിനേക്കാൾ തങ്ങൾ അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്നും അദ്ദേഹം പറയുന്നു.
‘അവനുമായുള്ള ബന്ധം അടുത്ത സുഹൃത്തിനോടെന്ന പോലെയാണ്. അവൻ എന്നെ ബ്രോ എന്ന് വിളിക്കും. ഇടക്ക് ഞാൻ അവനെയും അങ്ങനെ വിളിക്കും. ദുബൈയിൽ രണ്ടു മാസത്തിൽ ഒരിക്കൽ അവനെ സന്ദർശിക്കുന്നതിൽ ഞാൻ വീഴ്ച വരുത്താറില്ല. അവിടെ ചെന്നാൽ അവനെ സ്കൂളിൽ വിടാനും വൈകീട്ട് വീട്ടിൽ തിരിച്ചെത്തിക്കാനും ഞാൻ തന്നെ പോകും.
അവനോടൊപ്പം കളിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്. ഫുട്ബാളാണ് അവന് ഏറെ ഇഷ്ടം. ഞാനും അവനും തമ്മിൽ നല്ല അടുപ്പമാണുള്ളത്. എല്ലാ ദിവസവും ഞാൻ വിഡിയോ കാൾ ചെയ്യും. ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിക്കും’ -ശുഐബ് മാലിക് പറഞ്ഞു. സാനിയ മിർസയുമായി വിവാഹ മോചിതനായ ശേഷം പാക് നടി സന ജാവേദിനെയാണ് ശുഐബ് വിവാഹം ചെയ്തത്. സാനിയ മകനോടൊപ്പം ദുബൈയിലാണിപ്പോൾ താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.