നിരാശനായി നൈറ്റ് ക്ലബിലിരിക്കുമ്പോഴാണ് ആ വിളിയെത്തിയത്... നിങ്ങൾ ഫിറ്റാണോ?
text_fieldsഗെയിൽ മല്യയോടൊപ്പം
വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ബാറ്ററും ഐ.പി.എൽ താരങ്ങളിലൊരാളുമായ ക്രിസ് ഗെയിൽ, 2011 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ.സി.ബി) ടീമിൽ തന്നെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തി. ആ നിമിഷം ഗെയിലിന്റെ കരിയർ മാറ്റിമറിക്കുക മാത്രമല്ല, ഐ.പി.എൽ ചരിത്രത്തിൽ ഒരു പുതിയ കഥ രചിക്കുകയും ചെയ്തു.
2009 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗെയിൽ തന്റെ ഐ.പി.എൽ കരിയർ ആരംഭിച്ചത്. രണ്ട് സീസണുകൾ കളിച്ചതിനുശേഷം ഫോമില്ലായ്മ കാരണം ഫ്രാഞ്ചൈസി ഗെയിലിനെ കൈയ്യൊഴിഞ്ഞു, 2011 ലെ താരലേലത്തിൽ ഗെയിൽ അൺസോൾഡ് താരമായി തുടർന്നു. എന്നിരുന്നാലും, വിധി അദ്ദേഹത്തിന് വേണ്ടി മറ്റൊന്ന് കരുതിവെച്ചിരുന്നു എന്നുവേണം കരുതാൻ. കാരണം 2011 ലെ ഐ.പി.എല്ലിന്റെ മധ്യത്തിൽ, ആർ.സി.ബിയുടെ ഫാസ്റ്റ് ബൗളർ ഡിർക് നാനെസ് പരിക്കുമൂലം പുറത്തായതോടെ ടീമിന് ഒരു പകരക്കാരനെ വേണമായിരുന്നു. അപ്പോഴാണ് ആർ.സി.ബിയുടെ കണ്ണുകൾ ഗെയിലിൽ പതിഞ്ഞത്.
ഒരു പോഡ്കാസ്റ്റിനായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗെയിൽ. 2011ൽ ജമൈക്കയിൽ നൈറ്റ് ക്ലബിലിരിക്കുമ്പോൾ ഒരു കാൾ വന്നു. അന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് പാകിസ്താനുമായി വെസ്റ്റിൻഡീസിൽ നടന്ന സീരീസിൽനിന്ന് ഒഴിവാക്കിയിരുന്നു. ലോകകപ്പിലും തോറ്റിരുന്നു പോരാത്തതിനു പരിക്കുമുണ്ടായി. നിരാശയുടെ അങ്ങേയറ്റത്തായിരുന്നു. ചുരുക്കി പറഞ്ഞാൽ, ആ സമയത്ത് ഞാൻ ക്രിക്കറ്റ് പോലും കളിക്കുന്നില്ലായിരുന്നു.
ഗെയിൽ തുടർന്നു... വന്ന ഫോൺ കാളിന്റെ മറുതലക്കൽ വിജയ് മല്യയും അനിൽകുംെബ്ലയുമായിരുന്നു ഒരേ ഒരു ചോദ്യം നിങ്ങൾ ഫിറ്റാണോ? ഫിറ്റാണെങ്കിൽ നിങ്ങളെ ഞങ്ങൾക്ക് വേണം. (നൈറ്റ് ക്ലബിലിരിക്കുന്നത് കൊണ്ട് സ്വയം ചിരിവന്നു).നാളെ എംബസിയിൽ പോയി വിസ വാങ്ങൂ. നാളെ ശനിയാഴ്ചയാണല്ലോ എന്നുപറഞ്ഞപ്പോൾ അതൊരു വിഷയമല്ല, വിസ വാങ്ങി ഇങ്ങോട്ട് വരൂ. അടുത്തദിവസം തന്നെ ൈഫ്ലറ്റു പിടിച്ചു. അന്നു മുതൽ എനിക്ക് ഈസ്റ്റർ തുടങ്ങി. അന്ന് ആർ.സി.ബിയുമായി തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. ആർ.സി.ബി ചാമ്പ്യൻമാരാവുന്നത് കാണാനെത്തിയതും ആ ആഘോഷത്തിൽ ആറാടിയതും മറക്കാവുന്ന ഒന്നല്ല.
2011 ലെ ഐ.പി.എൽ ക്രിസ് ഗെയിൽ അവിസ്മരണീയമാക്കുകയായിരുന്നു. വന്യമായ കരീബിയൻ കരുത്തിന്റെ പകർന്നാട്ടമായിരുന്നു. വെറും 12 മത്സരങ്ങളിൽനിന്ന് 608 റൺസ്, അതിൽ രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നു. ആ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററായി, ആർസിബിയെ ഫൈനലിലേക്ക് നയിച്ചു.
അതിനുശേഷം, 2012 ലും അദ്ദേഹത്തിന്റെ ആധിപത്യം തുടർന്നു, 15 മത്സരങ്ങളിൽ നിന്ന് 715 റൺസ് നേടി തുടർച്ചയായ രണ്ടാം തവണയും ഓറഞ്ച് ക്യാപ്പ് നേടി. മൊത്തത്തിൽ, ഐപിഎല്ലിൽ 142 മത്സരങ്ങൾ കളിച്ച ഗെയിൽ 4,965 റൺസ് നേടി. ആറ് സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും ഗെയിലിന്റെ പേരിലുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മക ബാറ്റർമാരിൽ ഒരാളായി ഗെയിലിന്റെ പേര് എപ്പോഴും കണക്കാക്കപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.